കോവിഡ് മലയാളി പ്രവാസികളിലുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സര്‍വ്വേ

തിരുവനന്തപുരം: കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സര്‍വേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്.
കോവിഡ് കാലത്തു പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്ര ഗുണം കണ്ടുവെന്ന് വിലയിരുത്തുക, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടു നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെക്കുറിച്ച് മനസിലാക്കുക, മടങ്ങിപ്പോകാത്തവര്‍ക്കു സംസ്ഥാനത്തു തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക, പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിന് സഹായകമാകുന്ന സ്ഥിതിവിവരക്കണക്കുകള്‍ രൂപപ്പെടുത്തുക പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തു ചെയ്തിരുന്ന ജോലി, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ പ്രവാസികള്‍ ആരംഭിച്ചിട്ടുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുക, പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കുക പ്രവാസികളുടെ അഭിരുചികള്‍ മനസിലാക്കുക എന്നിവയാണ് സര്‍വ്വേയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിന് പുറമെ നിലവില്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴിലിനായും വിദ്യാഭ്യാസത്തിനായും പോയിട്ടുള്ളവരുടെ കണക്കുകളും ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
സാമ്പിള്‍ സര്‍വ്വേ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 800 യൂണിറ്റുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 15 വരെ നടക്കും. അതാത് ജില്ലകളിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ കീഴില്‍ വകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുക.