ജീവന്‍ രക്ഷിക്കാന്‍ നീന്തല്‍ പരിശീലനകേന്ദ്രങ്ങള്‍ സഹായകമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളക്കെട്ടുകളില്‍പ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി പോലീസ് സേനയെ പ്രാപ്തമാക്കാന്‍ നീന്തല്‍പരിശീലന കേന്ദ്രം സഹായിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ സജ്ജമാക്കിയ നീന്തല്‍പരിശീലന കേന്ദ്രത്തിന്റെയും മിയാവാക്കി വനവത്ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സാഹചര്യങ്ങളില്‍ ജലാശയങ്ങളില്‍പ്പെട്ടുപോകുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനു പുറമെ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുറ്റവാളികളെ അനായാസം പിടികൂടുന്നതിനും നീന്തല്‍ പരിശീലന കേന്ദ്രം സഹായകമാകും. പോലീസ് പരിശീലന കാലയളവില്‍ നീന്തല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തുടര്‍ പരിശീലനം ലഭിക്കാത്തത് പ്രായോഗിക സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തടസമാണ്. ഇതിനു പരിഹാരമാകാന്‍ ഈ സൗകര്യം ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നീന്തല്‍ ഫലപ്രദമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സഹകരിച്ചുകൊണ്ട് പരിശീലനകേന്ദ്രത്തിനായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. മിയാവാക്കി മാതൃകയിലുള്ള ബയോ ഫെന്‍സിങ് പദ്ധതിയുടെ ഉദ്ഘാടനം എ.എ.പി. കമാന്‍ഡന്റ് ബി. അജിത് കുമാറിനു വൃക്ഷത്തൈ കൈമാറി മുഖ്യമന്ത്രി നിര്‍വഹിച്ചു.
‘ഡോള്‍ഫിന്‍ സാപ്പ്’ എന്ന പേരിലാണ് എസ്.എ.പി. ക്യാംപില്‍ നീന്തല്‍ പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നിര്‍മിച്ച പരിശീലനകേന്ദ്രത്തിന് 1.25 കോടി രൂപയാണു ചെലവഴിച്ചത്. കോസ്റ്റ് ഫോര്‍ഡിന്റെയും ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സിന് കീഴിലുള്ള സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വിങ്ങിന്റെയും സാങ്കേതിക സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കു നീന്തല്‍ പരിശീലനം നല്‍കുന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും പരിശീലന കേന്ദ്രം ഉപയോഗിക്കാനാകും.
എസ്.എ.പി ഗ്രൗണ്ടിന്റെ ഒരു വശത്തായി ബയോഫെന്‍സിംഗ് മാതൃകയിലാണ് മിയാവാക്കി പദ്ധതി നടപ്പാക്കുന്നത്. ആകെ 250 ചതുരശ്ര മീറ്ററിലാണ് 1200 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് മിയാവാക്കി വനവത്ക്കരണ മാതൃക ആരംഭിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ശുദ്ധവായു ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള മികച്ച ഉദ്യമമാണിത്.
പരിശീലന കേന്ദ്രം നിര്‍മിക്കുന്നതിനായി സാങ്കേതിക സഹകരണം നല്‍കിയ കോസ്റ്റ്ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി.ബി. സാജന്‍, സ്പോര്‍ട്സ് എഞ്ചിനീറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്‍വര്‍ ഷാ സലിം എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
പരിപാടിയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, കെ. പത്മകുമാര്‍, ഡി.ഐ.ജി. രാജ്പാല്‍ മീണ എന്നിവര്‍ പ്രസംഗിച്ചു.