ബിനാലെയില്‍ ‘ഗുരു’വുമായി ടി എം കൃഷ്ണ ഏപ്രില്‍ ഒന്നിന്; മാര്‍ച്ച് 31 ന് ‘ശുദ്ധമദ്ദളം’

കൊച്ചി: ബിനാലെയില്‍ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ കര്‍ണാടക ശാസ്ത്രീയ സംഗീതത്തില്‍ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനിലാണ് കൂടുതല്‍ ഗുരുദേവ കൃതികള്‍ ഉള്‍പ്പെടുത്തിയ അവതരണം.
വയലിനില്‍ അക്കരൈയ് സഹോദരിമാരും മൃദംഗത്തില്‍ ബി ശിവരാമനും ഗഞ്ചിറയില്‍ അനിരുദ്ധ് ആത്രേയയും ടി.എം. കൃഷ്ണയെ അനുഗമിക്കും. മുംബൈയിലെ എസ്എന്‍എംഎസ്, ബാക്ക് വാട്ടേഴ്‌സ് കളക്റ്റീവ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
മാര്‍ച്ച് 31ന് എന്‍ എന്‍ പിള്ളയുടെ നാടകം ‘ശുദ്ധമദ്ദള’ത്തിന്റെ സ്വതന്ത്ര രംഗാവിഷ്‌കാരം കബ്രാള്‍യാര്‍ഡ് പവലിയനില്‍ അരങ്ങേറും. വൈകിട്ട് ഏഴിനാണ് അവതരണം. കാലത്തിനനുസരിച്ച് അര്‍ത്ഥപൂര്‍ണ മാറ്റങ്ങളോടെ പുതിയ സംവേദനതലങ്ങള്‍ കണ്ടെത്തുന്ന സര്‍ഗരചനയായ ശുദ്ധമദ്ദളത്തിന് പി ജെ ഉണ്ണികൃഷ്ണനാണ് സ്വതന്ത്ര ആവിഷ്‌കാരമൊരുക്കുന്നത്.
വേര്‍പാടിന്റെ വേദനയും കൂടിച്ചേരലിന്റെ ആനന്ദവും എത്രകണ്ട് അര്‍ത്ഥവത്താണെന്ന് വ്യക്തമാക്കുന്നതാണ് ശുദ്ധമദ്ദളം. നടന്‍മാരായ അമല്‍ രാജ്‌ദേവും രാജേഷ് ശര്‍മയും രംഗത്തെത്തും. സംഗീത പരിപാടിയുടെയും നാടകത്തിന്റെയും ടിക്കറ്റുകള്‍ http-s://in.bookmyshow.com/events/kochimuzirisbiennale2022-23/ET00346370 എന്ന ലിങ്കില്‍ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.
നാളെ രാവിലെ 11നു ബിനാലെ പവിലിയനില്‍ പ്രമോദ് ശങ്കറിന്റെ കവിതാസമാഹാരം ‘വരാലിന്റെ മഴക്കോട്ട്’ പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ ഏഴുമുതല്‍ പുരാതന കൊച്ചി നഗരത്തിന്റെ പൈതൃക സംസ്‌കാര ചരിത്ര സമൃദ്ധി ആരായുന്ന പദയാത്രയുടെ രണ്ടാം ഘട്ടം നടക്കും. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്ട് ഓണ്‍ ഫൂട്ട് എന്ന പരിപാടിക്ക് ആര്‍ക്കിടെക്റ്റ് അസ്‌ന പര്‍വീണ്‍ നേതൃത്വം നല്‍കും. കോ എര്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദയാത്ര.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്ന ഒരു ജനതയുടെ പൊതുബോധത്തിനു സമര്‍പ്പണമായി തയ്യാറാക്കിയ ഡോക്യു ലഘുചിത്രം ‘വക്കില്‍ നിന്നും : ആഖ്യാനവും ആള്‍ക്കാരും’ ബിനാലെ വേദിയില്‍ റിലീസ് ചെയ്തു. കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്ന എറണാകുളം തീരദേശത്തെ ഏഴ് കുടുംബങ്ങളുടെ അനുഭവസാക്ഷ്യമാണ് ‘വക്കില്‍ നിന്നും’. തുടര്‍ന്ന് കഥാപാത്രങ്ങളുമായി സംഭാഷണം നടന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക എം സുചിത്ര മോഡറേറ്ററായി. വിമല്‍ചന്ദ്രനും അജയ് മേനോനും ചേര്‍ന്നാണ് ഡോക്യു ലഘുചിത്രം ഒരുക്കിയത്.മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ബിനാലെ പവിലിയനില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഡോ ശുഭേന്ദു ഘോഷിന്റെ സംഗീത പരിപാടി ‘ഉത്തരേന്ത്യന്‍ സംഗീതത്തിലൂടെ യാത്ര’ അരങ്ങേറി.

ഹിന്ദുസ്ഥാനി സംഗീതത്തിനു പുറമെ പരമ്പരാഗത നാടോടി പാട്ടുകളും ആലപിച്ചു. ആര്‍ട്ട്‌റൂമില്‍ ഡോ ശുഭേന്ദു ഘോഷിന്റെ സംഗീത ശില്‍പശാലയില്‍ ഹിന്ദുസ്ഥാനി സംഗീതം ശാസ്ത്രീയം, അര്‍ദ്ധ ശാസ്ത്രീയം, ലഘു ശാസ്ത്രീയം ഇതിന് നാടോടി ഗാനശാഖയുമായുള്ള ബന്ധം എന്നിവ വിശദീകരിച്ചു.