കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ ദക്ഷിണഉത്തര മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങി. രാവിലെ 11.12 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു.
914 കാര്‍ സീറ്റുകളും 86 എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന് ഏഴ് സ്ഥിരം സ്‌റ്റോപ്പുകള്‍ ആണുള്ളത്. എന്നാല്‍ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്‌റ്റേഷനുകളില്‍ കൂടി നിര്‍ത്തി. രാവിലെ 10.53 ന് സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സിവണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന 43 വിദ്യാര്‍ഥികളുമായി സംവദിച്ചു.

വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒന്‍പത് സ്‌കൂളുകളിലെ 600 ഓളം വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങള്‍ നടത്തിയിരുന്നു. മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. തങ്ങള്‍ വരച്ച വന്ദേഭാരതിന്റെ ചിത്രവും മറ്റും കുട്ടികള്‍ പ്രധാനമന്ത്രിയെ കാണിച്ചു.
രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ് 30 വിദ്യാര്‍ഥികള്‍ സി2, സി3 കമ്പാര്‍ട്ട്‌മെന്റുകളില്‍ ഉണ്ടായിരുന്നു. ഇവരുടെ കൂടെ മാതാപിതാക്കളും അധ്യാപകരും സന്നിഹിതരായിരുന്നു. ശേഷം ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയോട്ടത്തിലെ ലോക്കോപൈലറ്റ് ആയ നാഗേഷ് കുമാര്‍ ആര്‍, സഹ ലോക്കോപൈലറ്റ് എസ് ജയകുമാര്‍ എന്നീ മലയാളികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ, റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുറഹിമാന്‍, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി, എന്നിവര്‍ സന്നിഹിതരായിരുന്നു.
നേരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ മോഹിനിയാട്ടവും കഥകളിയും ചെണ്ടമേളവും ഒരുക്കിയിരുന്നു. രചനാ മത്സരങ്ങളില്‍ വിജയികളായ കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അതാത് സ്‌റ്റേഷനുകളില്‍ നിന്നും വന്ദേഭാരതില്‍ കയറി.
ഫ്‌ളാഗ് ഓഫിന് ശേഷം കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ കഥകളി രൂപം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. 02634 നമ്പര്‍ എക്‌സ്പ്രസ് തീവണ്ടിയാണ് സി1 മുതല്‍ സി14 വരെയുള്ള ബോഗികളുമായി ചൊവ്വാഴ്ച 11.12 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന്‍ വിട്ടത്.