കൊല്ലം: ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു. അറിവും കലയും സംഗമിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിനു ജസ്റ്റിസ് കെ. ചന്ദ്രു ദീപം തെളിയിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. ജഗതിരാജ് വി.പി. അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ അഭിമാന സ്തംഭമായി മാറിക്കൊണ്ടിരിക്കുന്ന ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയാണ് ഈ സാഹിത്യ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.
സാംസ്കാരിക വകുപ്പ്, കേരള ചലച്ചിത്ര അക്കാദമി, ജില്ലാ ലൈബ്രറി കൗൺസിൽ, മീഡിയ അക്കാദമി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ശ്രീ നാരായണ ഗുരു അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ ഈ സാഹിത്യ സാംസ്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ, ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവം എന്നിവയും 4 ദിവസം നീളുന്ന ഈ സാഹിത്യ സാംസ്കാരികോത്സവത്തിനു മാറ്റു കൂട്ടും.
ഓപ്പൺ വിദ്യാഭ്യാസത്തിന്റെ വർത്തമാനവും ഭാവിയും ചർച്ച ചെയ്ത സെമിനാറും ഫ്രഞ്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷാർലോട്ട് കോട്ടനുമായുള്ള സംവാദവും പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. സെമിനാർ ഇഗ്നൗ വൈസ് ചാൻസിലർ പ്രഫ. ഉമ കഞ്ചിലാൽ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസിലർ ഇൻചാർജ് ഡോ. ഗ്രേഷ്യസ് . ജെ അധ്യക്ഷത വഹിച്ചു.
നൂറിൽപരം പ്രസാധകർ അണിനിരക്കുന്ന പുസ്തകോത്സവം നർത്തകി രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്തു. കില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഭദ്രദീപം തെളിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വി.സാംബശിവൻ അനുസ്മരണ കഥാപ്രസംഗ മത്സരം കഥാപ്രസംഗ പ്രേമികൾക്കു വിരുന്നായി. സാഹിത്യ സാംസ്കാരികോത്സവം ഡിസംബർ 3 ന് സമാപിക്കും.