ക്രിസ്മസ് രാവിന് മധുരമേകാന്‍ നിപ്മറിന്റെ കേക്കുകള്‍

ഭിന്നശേഷി കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകരാക്കും: മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: മണ്ണിലും വിണ്ണിലും താരകങ്ങള്‍ നിറയുന്ന ക്രിസ്മസ് രാവുകള്‍ കൂടുതല്‍ മധുരകരമാക്കി നിപ്മറിലെ കുട്ടികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവില്‍ പുതുരുചി സമ്മാനിക്കുന്നത്. നിപ്മറിലെ എം വോക്ക് വിഭാഗം പരിശീലനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിവിധതരം കേക്കുകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ഒരു തൊഴില്‍ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാന്‍ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി പുനരധിവാസ മേഖലയില്‍ മികവിന്റെ കേന്ദ്രമായി നിപ്മര്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ യന്ത്ര സംവിധാനങ്ങളോട് കൂടിയ പരിശീലനത്തിലൂടെ സമൂഹത്തെ അറിയാനുള്ള സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുകയാണ്. ദൈനംദിന ക്യത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികള്‍ക്കായി മലപ്പുറം ജില്ലയില്‍ നടപ്പാക്കി വിജയിച്ച പാരന്റ് എംപവര്‍മെന്റ് പ്രോഗ്രാം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മുഴുവന്‍ ഭിന്നശേഷി യുവതി യുവാക്കള്‍ക്കും തൊഴില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോര്‍ക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തൊഴിലില്‍ പരിശീലനം നല്‍കി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. എം വോക്ക് വിഭാഗത്തിലെ 8 പരിശീലനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാല് ദിവസം കൊണ്ടാണ് കേക്കുകള്‍ തയ്യാറായത്. നിപ്മറില്‍ 18 മുതല്‍ 30 വരെ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എം വോക്ക് (എംപവര്‍മെന്റ് വൊക്കേഷണലൈസേഷന്‍). ഈ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ പരീശീലനം, ബേക്കിംഗ് എന്നിവയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. കാരറ്റ് ഡേറ്റ്‌സ് കേക്ക്, ടീ കേക്ക്, കാരറ്റ് കേക്ക്, ചോക്ലേറ്റ് കപ്പ് കേക്ക്, പൈനാപ്പിള്‍ പുഡ്ഡിംഗ് കേക്ക്, ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ് കേക്ക് തുടങ്ങി സ്‌നേഹം കൊണ്ടുള്ള രുചിക്കൂട്ടില്‍ കേക്കില്‍ വൈവിധ്യങ്ങള്‍ ഒരുക്കുകയാണ് കുട്ടികള്‍. കല്ലേറ്റുംകര നിപ്മര്‍ പരിസരം ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഡിസംബര്‍ 19 മുതല്‍ 3 ദിവസങ്ങളായി നടക്കുന്ന കേക്ക് ഫെസ്റ്റ് നാവിന് കൊതിയുടെ പുതുപുത്തന്‍ അനുഭവം പകരുകയാണ്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെആര്‍ ജോജോ, ആളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മേരി ഐസക്, നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) സി ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
*പ്രദര്‍ശനത്തിനുള്ള കേക്കുകള്‍ (വില)
ഓര്‍ഡര്‍ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പര്‍: 9288099586
കാരറ്റ് ഡേറ്റ്‌സ് കേക്ക് (500 ഗ്രാം)250 പ്ലം കേക്ക് (500 ഗ്രാം)220ക്യാരറ്റ് കേക്ക് (500 ഗ്രാം)220 ബട്ടര്‍ സ്‌കോച്ച് പുഡ്ഡിംഗ് കേക്ക് (500 ഗ്രാം) 220 പൈനാപ്പിള്‍ പുഡ്ഡിംഗ് കേക്ക് (500 ഗ്രാം) 220 മാര്‍ബിള്‍ കേക്ക് (500 ഗ്രാം) 240ടീ കേക്ക് (500 ഗ്രാം) 200
വാനില കേക്ക് (6 എണ്ണം) 150 ചോക്ലേറ്റ് കപ്പ് കേക്ക് (6 എണ്ണം) 180