ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

തിരുവനന്തപുരം: അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൈവ അധിനിവേശം പ്രവണത, വെല്ലുവിളി, നിര്‍വഹണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് കോവളം ക്രാഫ്റ്റ് വില്ലേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം തുടങ്ങി വിവിധ വെല്ലുവിളികളാല്‍ ജൈവ വൈവിധ്യത്തില്‍ കുറവുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അധിനിവേശ സ്പീഷീസുകളുടെ കടന്നുവരവോടെ ആരോഗ്യം, പ്രാദേശിക ജൈവവൈവിധ്യം, പ്രകൃതിയുടെ സന്തുലനാവസ്ഥ എന്നിവയില്‍ ദോഷകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രാദേശിക സ്പീഷീസുകളെ ഇല്ലാതാക്കുകയും കൃഷി, വനം, മത്സ്യ മേഖലകളില്‍ മനുഷ്യരുടെ ഉപജീവനത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ ജൈവ അധിനിവേശം വ്യാപിക്കുകയാണ്. ജലാശയങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഇതിന് വലിയ വില നല്‍കേണ്ടി വരുന്നു. മത്സ്യ സമ്പത്തുകള്‍ ഇല്ലാതാവുകയും ദോഷകരമായ ജലസസ്യങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥ നിലവിലുണ്ട്. രാജ്യാന്തരതലത്തില്‍ തന്നെ ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ മുന്‍കൈയെടുക്കണം. സംസ്ഥാന തലത്തില്‍ ഇതിനാവശ്യമായ ജൈവ അധിനിവേശത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ നയം രൂപീകരണത്തിന് കേരളം സന്നദ്ധമായിരിക്കുകയാണ്.
ജനകീയ പങ്കാളിത്തത്തോടുകൂടി ജൈവവൈവിധ്യ കമ്മറ്റികള്‍ രൂപീകരിച്ചുകൊണ്ട് ജൈവവൈവിധ്യ മേഖലയില്‍ വളരെയധികം മുന്നോട്ടു പോയ സംസ്ഥാനമാണ് കേരളം.ജനകീയ രജിസ്റ്ററുകളില്‍ നമ്മുടെ ജൈവവൈവിധ്യ സമ്പത്തുകള്‍ രേഖപ്പെടുത്തിക്കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മഞ്ഞക്കൊന്ന, ആഫ്രിക്കന്‍ ഒച്ചുകള്‍ എന്നിവയുടെ വ്യാപനവും നാം നേരിടുന്ന വെല്ലുവിളിയാണ്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുള്‍പ്പെടെ പ്രകൃതിയുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വണ്‍ ഹെല്‍ത്ത് പദ്ധതിയും കേരളം നടത്തി വരുന്നു. ജൈവ അധിനിവേശം പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. ക്ഷീരവികസനം, കൃഷി, വനം, മല്‍സ്യബന്ധനം തുടങ്ങി വിവിധ വകുപ്പുകളും ഏകോപനത്തിനായി തയാറാകണം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ടമായി ജനകീയ രജിസ്റ്റര്‍ തയ്യാറാക്കുകയാണ്. നൂറിലധികം ശാസ്ത്രഞ്ജര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ നിന്നും മികച്ച നിര്‍ദേശങ്ങളും ആശയങ്ങളും സംസ്ഥാന ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു.
കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അധിനിവേശ സ്പീഷീസുകളുടെ സ്ഥിതിവിവരങ്ങളും അവയെ നിയന്ത്രിക്കുന്നതിനാവശ്യമായ തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. വിവിധ ആശയങ്ങളുടെ പങ്കു വെക്കലിലൂടെ ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും അധിനിവേശ സ്പീഷിസുകളെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകരാന്‍ കോണ്‍ഫറന്‍സിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സി ജോര്‍ജ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആഭ്യന്തര, വിജിലന്‍സ്, പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു അധ്യക്ഷത വഹിച്ചു. ഡോ. എ വി സന്തോഷ് കുമാര്‍, ഡോ.കെ സതീഷ് കുമാര്‍, ഡോ.ടി എസ് സ്വപ്‌ന, ഡോ.കെ ടി ചന്ദ്രമോഹനന്‍, പ്രമോദ് കൃഷ്ണന്‍, കെ വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.