തൃക്കാക്കര: കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷവുമായി ഉമതോമസ്

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് തിളക്കമാര്‍ന്ന ജയം. കാല്‍ ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഉയര്‍ന്ന ഭൂരിപക്ഷമാണ് ഉമതോമസിന് ലഭിച്ചത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതല്‍ യു ഡി എഫിനെയാണ് പിന്തുണച്ചുവന്നിരുന്നതെങ്കിലും തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രചണ്ഡമായ പ്രചാരണവും ആസൂത്രീതമായ തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പുഗോദയിലിറങ്ങിയ ഇടതു മുന്നണിക്കേറ്റ വലിയ ആഘാതമാവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലം.
വോട്ടെണ്ണല്‍ 11റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 23483 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 59864, എല്‍ഡിഎഫ് 37381, എന്‍ഡിഎ 10753 എന്നിങ്ങനെയാണ് വോട്ടുനില.
പൊന്നാപുരം കോട്ടയെന്ന് യു ഡി എഫ് നേതാക്കള്‍ തന്നെ വിശേഷിപ്പിച്ചിരുന്ന തൃക്കാക്കരയില്‍ അവരുടെ പ്രതീക്ഷകള്‍ക്കുപോലും അപ്പുറമുള്ള ഭൂരിപക്ഷമാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാതോമസിന് ലഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ഒരു ബൂത്തില്‍ പോലും ഇടതുമുന്നണിക്ക് ലീഡ് നേടാന്‍ കഴിഞ്ഞില്ല. ആദ്യ റൗണ്ടില്‍നിന്ന് തുടങ്ങിയ മുന്നേറ്റം ഓരോ റൗണ്ടിലും പടിപടിയായി ഉയര്‍ത്തിയാണ് ഉമതോമസ് റെക്കോഡ് ഭൂരിപക്ഷത്തിലേക്കെത്തിയത്.