വന്ദേഭാരത് മെട്രോ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം : കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്

 

സംസ്ഥാനത്തെ റയില്‍വേ സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലെ ത്തിക്കും

തിരുവനന്തപുരം : രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ അടുത്ത വര്‍ഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു . രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സര്‍വീസുകളാണ് നടപ്പാക്കുന്നത്. ചെയര്‍ കാര്‍ സര്‍വീസ്, സ്ലീപ്പര്‍ സര്‍വീസ്, വന്ദേ ഭാരത് മെട്രോ സര്‍വീസ്. ഇതില്‍ കുറഞ്ഞ ദൂരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ വന്ദേ ഭാരത് മെട്രൊ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇതിന്റെ രൂപകല്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തിരുവനന്തപുരം നേമം റയില്‍വെ സ്‌റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരി ക്കുകയായിരുന്നു റയില്‍വേ മന്ത്രി . സംസ്ഥാനത്തെ 34 റെയില്‍വെ സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. നേമം ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളിലെ പാളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയില്‍വേ സ്‌റ്റേഷനുകളും ടെര്‍മിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷന്‍, നേമം, പേട്ട, കൊച്ചുവേളി എന്നീ സ്‌റ്റേഷനുകള്‍ കേരളത്തിന്റെ പൈതൃകം നിലനിര്‍ത്തി നവീകരിക്കുന്നതിനുള്ള രൂപകല്പനയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പാരിസ്ഥിതികവും സാങ്കേതികപരമായ തടസ്സങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തീരുമാനം കൈക്കൊള്ളാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി . സംസ്ഥാന ഗവണ്‍മെന്റുമായി കൂടിയാലോചിച്ച ശേഷമേ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറ!ഞ്ഞു.
കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് ലഭിച്ചത് കാലതാമസമില്ലാതെയാണ്. ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു വരുന്നു. 2009 നും 2014നുമിടയില്‍ സംസ്ഥാനത്തിന്റെ റയില്‍വെ ബജറ്റ് വിഹിതം 372 കോടി രൂപ മാത്രമായിരുന്നത് നിലവില്‍ 2033 കോടി രൂപയായി വര്‍ധിപ്പിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. റയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ ലൊഹോട്ടി, ജനറല്‍ മാനേജര്‍ ആര്‍. എന്‍. സിംഗ്, തിരുവനന്തപുരം ഡി ആര്‍ എം സചിന്‍ ശര്‍മ്മ,തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,