ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്ന് സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ കേസെടുക്കണമെന്ന ഡിവൈഎഫ്‌ഐയുടെ ആവശ്യത്തോട് പ്രതികരിച്ച് വി.ഡി. സതീശന്‍. ധൈര്യമുണ്ടെങ്കില്‍ സുധാകരനും തനിക്കുമെതിരെ കേസെടുക്കട്ടെയെന്ന് സതീശന്‍ വെല്ലുവിളിച്ചു ‘ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ പ്രഹരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വി ഡി സതീശനെയും കെ സുധാകരനെയും ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ഇത് സംബന്ധിച്ച് പൊലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്. അത് കൂടാതെ കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യമെന്നും സനോജ് പറഞ്ഞു.