ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റില്‍ തുടക്കമായി

തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റില്‍ തുടക്കമായി. 13 മന്ത്രിമാര്‍ ചേര്‍ന്നാണ് സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ പച്ചക്കറി തൈകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതനം, തക്കാളി തൈകളാണ് മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എന്‍. ബാലഗോപാല്‍, എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, ആര്‍. ബിന്ദു, വി. എന്‍. വാസവന്‍, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണിരാജു, എ. കെ. ശശീന്ദന്‍ എന്നിവരാണ് തൈകള്‍ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.