തൃശ്ശൂർപൂരം നടക്കും :പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തൃശൂര്‍ പൂരം :ചടങ്ങുകള്‍ മാത്രമായി മുന്നോട്ട്

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങള്‍. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി.

പൂരത്തിന്‍റെ നടത്തിപ്പില്‍ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകള്‍, ചടങ്ങുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാര്‍, വെടിക്കെട്ട് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല.

ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയാണ് പ്രവേശനം നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൃത്യമായി അകലം പാലിക്കണം മാസ്ക് കൃത്യമായി ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.

തിരുവമ്പാടി ദേവസ്വത്തിന്‍റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് മാത്രമായി നടത്തുമെന്ന് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. പാറമേക്കാവ് ദേവസ്വത്തിന്‍റെ ചടങ്ങുകള്‍ക്ക് 15 ആനകളെ എഴുന്നള്ളിച്ച് നടത്തും. ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവ നടക്കും. വെടിക്കെട്ടുകള്‍ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. ഓരോ ഘടക പൂരങ്ങള്‍ക്കും ഓരോ ആനകളുണ്ടാകും. പരമാവധി പൂരവുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണം കുറച്ച് ദേവസ്വങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ആറ് ഡെപ്യൂട്ടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.

യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ വിജയന്‍, ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍ ജ്യോതി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം രവികുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

.