“വിശ്വാസം താരമാകുമ്പോൾ”

ആരാണ് താരം? വിശ്വാസമോ, അവിശ്വാസമോ ?

നാട്ടുവർത്തമാനം

എസ്. പ്രേംലാൽ

മനസിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുംമൊന്ന് എന്നാണല്ലോ നല്ല വിചാരമായി കവി പാടി പുകഴ്ത്തിയത്. നല്ല മനസിന് നല്ലൊരു വിശ്വാസം വേണം. വിശ്വാസം അതാണല്ലോ എല്ലാം എന്ന് പറയും പോലെ. നീ അതിൽ വിശ്വസിക്കരുത് എന്നൊരാൾ താക്കീതു പോലെ പറയുന്നതിന്റെ പിന്നിൽ അവിശ്വാസത്തിന്റെ നെൻമണികൾ ഒത്തിരിയുണ്ടെന്ന് സാരം. അയാളെ വിശ്വസിക്കാൻ കൊള്ളില്ല ചതിക്കും എന്ന് പറയുന്നത് ചതിയുടെ രുചിയും കയ്പും അനുഭവിച്ചറിഞ്ഞതു കൊണ്ടാണ്. അപ്പോൾ അവിടെ രണ്ടിനമുണ്ട്, വിശ്വാസിയും അവിശ്വാസിയും. വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും. മതം ഒരു വിശ്വാസമായി എടുത്താൽ, വിശ്വാസമില്ലാത്തവർ മതമില്ലാത്തവരാകില്ലേ. അങ്ങനെ മതമില്ലാത്തവരാകുന്നതുകൊണ്ട് അവർ മനുഷ്യരല്ലാതായി മാറുമോ. വിശ്വാസികൾക്ക് വാക്കുകളിലൂടെ പൊന്നാട ചാർത്തിക്കൊണ്ട് നടൻ സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.

മതേതര ഇന്ത്യയിൽ ജീവിക്കുമ്പോൾ മതത്തിന് മുൻതൂക്കം നൽകി വലതുകാൽ വയ്ക്കുന്നത് നല്ല വിശ്വാസമല്ല എന്നൊരു പൊരുൾ അകമേ കേൾക്കുന്നുണ്ട്. അത് ഭരണഘടന നൽകുന്ന ഗ്യാരന്റിയായി കാണാനാവില്ല. എല്ലാ മതങ്ങൾക്കും അവരുടേതായ തത്വ സംഹിതകളും നിയമാവലിയുമുണ്ട്. ഏത് മതത്തിൽ വിശ്വസിക്കണമെന്നത് ഒരന്ധവിശ്വാസമല്ല, വിശ്വാസം തന്നെയാണ്. അതിനെ പിടിച്ചു വാങ്ങാനോ പിടിച്ചു നിർത്താനോ ആവില്ല.

ഒരു മതത്തിലും ആചാരത്തിലും വിശ്വാസമില്ലാത്തവർ തിരഞ്ഞെടുപ്പു കാലത്ത് ഇവർക്ക് പിന്നാലെ പായുന്നത് ആരെയും അത്‌ഭുതപ്പെടുത്തിയിട്ടുമില്ല. കാരണം അതും ആചാരമായി മാറിയ വിശ്വാസം.ആവേശം കൊള്ളുമ്പോൾ എടുത്ത് പ്രയോഗിക്കാനുള്ളതല്ല വിശ്വാസം. അത് ജീവിതത്തിൽ പകർത്തേണ്ടതാണ്. ഭാര്യയും ഭർത്താവും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് പരസ്പര വിശ്വാസത്തിന്റെ കരുത്തിലാണ്. ഒരാൾ വിശ്വാസിയും മറ്റൊരാൾ അവിശ്വാസിയുമായാലോ ? ഭർത്താവില്ലാത്ത നേരത്ത് അന്യ പുരുഷനെ കിടപ്പറയിലേക്ക് വിളിച്ചു കയറ്റുന്ന ഭാര്യ തകർത്തെറിയുന്നത് വിശ്വാസത്തിന്റെ ഏടുകളാണ്. ഭാര്യയില്ലാ നേരത്ത് പരസ്ത്രീയേ മാടി വിളിക്കുന്നതും വിശ്വാസത്തിന്റെ നെടുംതൂണിനെ തകർക്കലാണ്. കൂടെ നടക്കുന്ന വിശ്വസ്തനായ സുഹൃത്ത് കാമ കണ്ണ് തുറന്നാൽ അവിടെ പൊട്ടിത്തകരുന്നത് സുഹൃത്ത് ബന്ധത്തിന്റെ കണ്ണികൾ മാത്രമല്ല, കുടുംബത്തിന്റെ അടിക്കല്ലു കൂടിയാണ്. വിശ്വാസത്തിന്റെ മേലങ്കി വലിച്ചെറിഞ്ഞ് വെളള കുപ്പായത്തിന്റെ വിശ്വാസമില്ലായ്മയിൽ നിൽക്കുന്ന ഇത്തരം ചതിയൻമാരെ വേണം ആദ്യം വെടിവച്ചു കൊല്ലേണ്ടത്. വിശ്വാസത്തെ തകർത്ത ഇത്തരം കിങ്കരൻമാർ ഭയാനക ജീവികളാണ്. തീവ്രവാദികളെയും നക്സലൈറ്റുകളെക്കാൾ അപ്പുറത്ത് സമൂഹത്തിൽ അന്തച്ഛിദ്രം നടത്തുന്നവർ. അവിഹിത ബന്ധത്തിൽ ജന്മം കൊള്ളുന്ന ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാൻ ഒരു കൂസലുമില്ലാതെ ഡോക്ടർക്ക് മുന്നിൽ മലർന്ന് കിടക്കുന്നതു പോലത്തെ ജന്മങ്ങൾ.ആരുടെ വിശ്വാസങ്ങളാണ് ഇവിടെ ബലി കഴിക്കപ്പെടുന്നത്?

ഭർത്താവ് കുഞ്ഞിരാമനില്ലാത്ത രാത്രിയിൽ കാമുകനായ ചന്തുവിനെ മണിയറയിലേക്ക് വിളിച്ചു കയറ്റിയ ഉണ്ണിയാർച്ച തകർത്തത് ആരുടെ വിശ്വാസമാണ് ? ആ നേരത്ത് തിരിച്ചെത്തുന്ന കുഞ്ഞിരാമൻ ആരിലാണ് അവിശ്വാസം കണ്ടത്. പെണ്ണിന്റെ കുബുദ്ധി എടുത്ത് പ്രയോഗിച്ച ഉണ്ണിയാർച്ച ചന്തുവിൽ കുറ്റം ചാർത്തിയപ്പോൾ ഇടിയും മിന്നലുമില്ലാതെ ഒരു ചാറ്റൽ മഴ പോലെ പെയ്തൊഴിഞ്ഞത് കുഞ്ഞിരാമനിലെ വിശ്വാസമാണോ? അതോ ചന്തുവിലെ വിശ്വാസമാണോ? ചന്തുവിന്റെ മേൽ ഉണ്ണിയാർച്ച എടുത്തു പയോഗിച്ച ആ വജ്രായുധം കുഞ്ഞിരാമൻ വിശ്വസിച്ചു എന്ന് കരുതാനാവുമോ? ഉണ്ണിയാർച്ചമാരും ചന്തുമാരും പല വേഷങ്ങളിൽ ഒളിഞ്ഞും പതുങ്ങിയും നൻപകൽ നേരത്തും അന്തിയാമത്തിലും വല വീശി ഇരയെ പിടിക്കുന്ന കാലത്തിലൂടെയാണ് കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. ഉള്ളിൽ കറുത്ത കുപ്പായമിട്ട് പുറമേ വെളളമൂങ്ങകളാകുന്ന ചതിയൻ ചന്തുമാർ വിശ്വാസത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്.
വിശ്വാസം മനസിൽ ജനിക്കുന്നതാണ്. അത് ദത്തെടുക്കുന്നതല്ല. സ്വന്തം ചോരയിൽ ജനിച്ച കുഞ്ഞിന്റെയും ദത്ത് സന്തതിയുടെയും രക്തത്തിൽ വിശ്വാസ കൂടുതലോ കുറവോ കണ്ടേയ്ക്കാം.

ഒരു നിമിഷം മതി വിശ്വാസം തകരാൻ. വിശ്വസ്ത സ്ഥാപനം എന്ന് പേര് കേട്ട പ്രസ്ഥാനം വാനപ്രസ്ഥാനമായ കഥ ആരും മറന്നിട്ടില്ല.
വിശ്വാസത്തെ എടുത്തുയർത്തുന്നവർ യഥാർത്ഥ വിശ്വാസികളുടെ നെഞ്ചിൽ കഠാര കയറ്റരുത്. എല്ലാം ഒരു വിശ്വാസമാണേ. ജനിക്കുന്നത് വിശ്വാസം, ഒന്നിക്കുന്നത് വിശ്വാസം, പാർട്ടിയിൽ ചേരുന്നത് വിശ്വാസം, മന്ത്രിയാകുന്നത് വിശ്വാസം, ജീവിക്കുന്നത് വിശ്വാസം, മരിക്കുന്നത് വിശ്വാസം. മന്ത്രിയല്ലാതാകുന്നത് അവിശ്വാസം, മുന്നണി വിടുന്നത് അവിശ്വാസം, കാല് വാരുന്നതും അവിശ്വാസം. അപ്പോൾ ആരാണ് താരം? വിശ്വാസമോ, അവിശ്വാസമോ ? താരം സുരേഷ് ഗോപി വിശ്വാസത്തിൽ ഊന്നി നിൽക്കുമ്പോൾ അവിശ്വാസികൾ കേളികൊട്ടുകയാണ്. വരിക വരിക സഹജരെ …