കാന്‍സര്‍ അതിജീവനം: ‘ഐ കാന്‍’ ആപ്പിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

കൊച്ചി: കാന്‍സര്‍ രോഗികള്‍ക്ക് മാനസിക പിന്തുണയേകാന്‍ കൊച്ചി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു മെല്‍വിന്‍ ജോയ് തയ്യാറാക്കുന്ന ‘ഐ കാന്‍’ എന്ന ആപ്പിന്റെ ഐപ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നം  കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ. വി.പി. ഗംഗാധരനും പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയും ചേര്‍ന്ന് പ്രകാശനം ചെയ്തു.   നവാഗത അധ്യാപകരില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി സര്‍വകലാശാല നല്‍കുന്ന 2 ലക്ഷം രൂപയുടെ സീഡ് മണി ഉപയോഗിച്ചാണ്  ഡോ. മനു കാന്‍സര്‍ രോഗികള്‍ക്കായി ആരോഗ്യ പരിപാലന പ്രതിവിധികള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുള്ള ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. മികച്ച ഭിന്നശേഷി കലാകാരനുള്ള കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ പുരസ്‌കാരം നേടിയ അഞ്ചന്‍ സതീഷാണ് ഭാഗ്യചിഹ്നം രൂപകല്‍പ്പന ചെയ്തത്. ഡോ. മനു മെല്‍വിന്‍ ജോയിയും സിദ്ധാര്‍ത്ഥ് ശിവയും ഡോ. ഗംഗാധരന്റെ ചികിത്സയില്‍ കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരാണ്.