തിരുവനന്തപുരം: വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ട് പുതിയ ബാറ്ററി വാഹനങ്ങളുടെ ഫഌഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയില്‍ നിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം, ഹനുമാന് കുരങ്ങ്, വെള്ള മയില്‍, എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്, മെയ് മാസത്തോടെ ഇവയെത്തും. കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാല്‍ നടപടികള്‍ കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ പക്ഷി മൃഗാദികള്‍ക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നിമാനുകള്‍, രണ്ട് ജോഡി ഹോം ഡീയറുകള്‍ എന്നിവയെയാണ് നല്‍കുന്നത്. ജൂണ്‍ മാസത്തില്‍ ഹരിയാനയിലെ മൃഗശാലയില്‍ നിന്ന് രണ്ട് ജോഡി ഹനുമാന് കുരങ്ങുകളെക്കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് സീബ്രാ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൃഷ്ണ മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ക്ഷയരോഗം ബാധിച്ചത് പ്രതികൂലമായി ബാധിച്ചെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ചത് ഗുണം ചെയ്തു. രോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഗുണം ചെയ്തു. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാര്‍ക്ക് രോഗബാധയുണ്ടോയെന്ന് തിരിച്ചറിയാനും പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നതുവഴി മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്തും. തിരുവനന്തപുരം മൃഗശാലയിലേക്ക് കൂടുതല്‍ മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിദേശ മൃഗശാലകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് മൃഗശാല കൂടുതല്‍ മെച്ചപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പുതിയ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ബാറ്ററി വാഹനങ്ങളാണ് നിലവില്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുന്നത്. 10,40,000 രൂപ ചെലവഴിച്ചാണ് രണ്ട് വാഹനങ്ങള്‍ വാങ്ങിയത്. മൃഗശാല സന്ദര്‍ശിക്കാനെത്തുന്ന പ്രായമായവര്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഈ വാഹനങ്ങള്‍ ഏറെ ഉപകാരപ്പെടും. രണ്ട് വാഹനങ്ങള്‍ കൂടി ജൂണ്‍ മാസത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. വാഹനത്തിലിരുന്നുകൊണ്ട് മൃഗശാല ചുറ്റിക്കാണാന്‍ ഒരാള്‍ക്ക് 60 രൂപയാണ് നല്‍കേണ്ടത്.