181, 1098 ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

 എല്ലാ മാസവും വനിത ശിശുവികസന വകുപ്പിന്റെ സമ്പൂര്‍ണ യോഗം
തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കില്‍ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ പദ്ധതി പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മാസവും ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നേരിട്ട് അവലോകനം ചെയ്യും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്. പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണ് വനിതാ ശിശുവികസനം. ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടവരാണ് സ്ത്രീകളും കുട്ടികളും. അതിനാല്‍ വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ആപത്തുണ്ടായാല്‍ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറണം.
വനിത ശിശുവികസന വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് മുതല്‍ യൂണിറ്റ് ഓഫീസര്‍മാര്‍ വരെ ഫീല്‍ഡ്തലത്തില്‍ സന്ദര്‍ശനം നടത്തി എത്രമാത്രം നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് വിലയിരുത്തണം. പഞ്ചിംഗ് കൃത്യമായി നടപ്പാക്കണം. വനിത ശിശുവികസന വകുപ്പിന്റെ എല്ലാ ഓഫീസുകളും സമയബന്ധിമായി ഇഫയലിലേക്ക് മാറ്റണം. ഡയറക്ടറേറ്റില്‍ പൂര്‍ണ തോതില്‍ ഇത് നടപ്പാക്കണം. നിര്‍മ്മാണം നടന്നുവരുന്ന 191 സ്മാര്‍ട്ട് അങ്കണവാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അങ്കണവാടികളിലെ വൈദ്യുതീകരണം നല്ലരീതിയില്‍ നടന്നു വരുന്നു. വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കാത്ത 130 അങ്കണവാടികളില്‍ കെഎസ്ഇബിയുടെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിക്കും.
നിര്‍ഭയ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. അവധിക്കാലത്ത് സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം നല്ല രീതിയില്‍ വിനിയോഗിക്കണം. ഇത് കൃത്യമായി നിരീക്ഷിക്കണം. സ്‌കൂള്‍ ആരോഗ്യ പദ്ധതി സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ വലിയ ഇടപെടല്‍ നടത്തിവരുന്നു. അതില്‍ വനിതാ ശിശുവികസന വകുപ്പിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ സര്‍ക്കാര്‍ ഹോമുകളിലും കളിസ്ഥലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു.
വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ജി. പ്രിയങ്ക, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, എല്ലാ ജില്ലകളിലേയും വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഡി.സി.പി.ഒ.മാര്‍, ഡബ്ല്യു.പി.ഒ.മാര്‍ എന്നിവര്‍ പങ്കെടുത്തു.