ഓണവിപണി ലക്ഷ്യമിട്ട് അര ഏക്കറില്‍ ചെണ്ടുമല്ലി കൃഷിയുമായി 30 കര്‍ഷകര്‍

ചെണ്ടുമല്ലി കൃഷി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍
കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 30 കര്‍ഷകരാണ് അര ഏക്കറോളം ഭൂമിയില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. അത്തത്തിനു പൂക്കള്‍ പഞ്ചായത്തില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഓണക്കാലത്തെ പൂക്കളത്തിലെ താരമായ ചെണ്ടുമല്ലി, ദൂര ദേശങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതിന് പരിഹാരമായാണ് പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകരെ സംഘടിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഇക്കുറി രംഗത്ത് ഇറങ്ങിയത്.

കര്‍ഷകര്‍ക്ക് പരിശീലനവുമായി കൃഷിഭവന്‍ ഉദ്യോഗസ്ഥരും മുന്നില്‍ നിന്നു. കൂടാതെ നല്ലയിനം ഹൈബ്രിഡ് തൈകളും ജൈവ വളവും സബ്‌സിഡി നിരക്കില്‍ നല്‍കി. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് ചെണ്ടുമല്ലി തൈകളും വളവും കൃഷിഭവന്‍ നല്‍കിയത്. 5500 ചെണ്ടുമല്ലി തൈകളാണ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് കൃഷിഭവന്‍ നല്‍കിയത്. ജൂണിലാണ് എല്ലാവരും കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ അനിഷ സുജേഷ് വട്ടത്തേരിയുടെ 20 സെന്റിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിളവെടുപ്പ് നടക്കും. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂര്‍ത്തിയാക്കി മുഴുവന്‍ ചെണ്ടുമല്ലിയും വിപണിയില്‍ എത്തിക്കും.