കൊല്ലം : മത്സ്യ ബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപകല്പന ചെയ്ത അത്യാധുനിക ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങള്‍ കേരളം കൂടുതല്‍ ആവശ്യപെടുകയാണെങ്കില്‍ അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല. പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ കൊല്ലം നീണ്ടകര വാര്‍ഫില്‍ വിതരണം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി ലഭിക്കുന്നതിനാണ് കേന്ദ്ര ഗവണ്മെന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഈ മേഖലയില്‍ കൂടി ഉള്‍പെടുത്തിയത്. കേരളത്തിലെ മത്സ്യബന്ധന മേഖലയ്ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന ഗവണ്മെന്റ് സ്വീകരിക്കണമെന്ന് പര്‍ഷോത്തം രൂപാല ആവശ്യപ്പെട്ടു. ഇതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് മത്സ്യ ബന്ധന മേഖലയ്ക്ക് സംഭാവനകള്‍ നല്കാന് സാധിക്കും. ശീതീകരണ സൗകര്യം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു യാനം നിര്‍മിക്കാന്‍ 1.57 ലക്ഷം രൂപയാണ് ചെലവായത്. അധിക തുകയായ 30 ലക്ഷം രൂപ ലഭ്യമാക്കി പദ്ധതിയുടെ നേട്ടം കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് കൂടി എത്തിച്ചു നല്കിയ സംസ്ഥാന ഗവണ്മെന്റിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി യാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചിന് ഷിപ് യാര്‍ഡാണ്. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 5 ഗ്രൂപ്പുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഴക്കടല്‍ യാനങ്ങള്‍ നല്‍കിയത്. ഇതിന്റെ രേഖകള്‍ പര്‍ഷോത്തം രൂപാല വിതരണം ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതമല്ലാത്ത മത്സ്യബന്ധനയാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി യന്ത്രവല്‍കൃത മത്സ്യബന്ധന രീതിയിലേയ്ക്ക് മാറ്റുക എന്നതാണ് പ്രധാനമന്ത്രി മത്സ്യ സംപദാ യോജനയുടെ ലക്ഷ്യം.
മന്ത്രിമാരായ സജി ചെറിയാന്, ചിഞ്ചു റാണി, കെ എന്‍ ബാലഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന് എം പി, എം എല്‍ എമാരായ സുജിത് വിജയന് പിള്ള, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല കളക്ടര്‍ അഫ്സാന പര്‍വീണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.