തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. സര്‍വകലാശാലകള്‍ക്കു കഴിയുന്ന ഇടങ്ങളില്‍ ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ സംബന്ധിച്ചു കേരള ഹയര്‍ എഡ്യൂക്കേഷന്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് തയാറാക്കി സര്‍വകലാശാലകള്‍ക്കു നല്‍കിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു പ്രകാരമാണു സര്‍വകലാശാലകള്‍ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തയാറാക്കുക. നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാനുള്ള തീരുമാനത്തോടെ, ഇതിന് ആവശ്യമായ അധ്യാപക പരിശീലന പ്രക്രിയ വിശദമായി പൂര്‍ത്തിയാക്കാന്‍ കഴിയും. സമഗ്രവും സമൂലവുമായ പരിഷ്കാര നടപടികളിലേക്കു പോകാന്‍ കഴിയുന്നവിധത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷ സൃഷ്ടി സാധ്യമാകും. സര്‍വകലാശാലകള്‍ക്ക് അവരവരുടെ പ്രത്യേകതകള്‍ക്കനുസരിച്ച് കരിക്കുലം ഫ്രെയിം വര്‍ക്ക് കസ്റ്റമൈസ് ചെയ്യാനും ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണര്‍ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകര്‍ക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.
നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നല്‍കുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങള്‍ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ തലത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതല്‍ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വര്‍ഷ ഡിഗ്രി കോഴ്സുകല്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍, ഇന്റേണ്‍ഷിപ് എന്നിവയ്ക്കാണ് നാലാം വര്‍ഷം ഊന്നല്‍ നല്‍കുയെന്നും മന്ത്രി പറഞ്ഞു.