ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി 2000 കെ സ്റ്റോറുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ പറഞ്ഞു. കെ സ്റ്റോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സേവനങ്ങളെ കുറിച്ചുള്ള പരിശീലനം നല്കുന്നതിനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ സ്റ്റോര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 108 റേഷന്‍ കടകള്‍ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക, ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതല്‍ കെ സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ അനധികൃത പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കണക്കുകള്‍ കൃത്യമായി ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്.
റേഷന്‍ കടകള്‍ വഴി നിലവില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടി വില്പന നടത്താന്‍ തയ്യാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനായി റേഷന്‍ കടകള്‍ പുതുക്കി നിര്‍മ്മിക്കാന്‍ രണ്ടുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെ സഹകരണത്തോടെ ഏഴ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കിയ ശേഷം അതില്‍ മൂന്ന് ശതമാനം സര്‍ക്കാര്‍ സബ്സിഡിയായും അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രയാസങ്ങള്‍, തടസങ്ങള്‍ എന്തൊക്കെയെന്ന് കൂടുതല്‍ മനസിലാക്കുന്നതിനാണ് മേഖല അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ സ്റ്റോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുക, സേവനങ്ങളെക്കുറിച്ച് പരിശീലനം നല്‍കുക എന്നീ ലക്ഷ്യത്തോടെ ജില്ലാ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥര്‍, കെ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, കെ സ്റ്റോര്‍ ലൈസന്‍സികള്‍ എന്നിവര്‍ക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥര്‍, ലൈസന്‍സികള്‍ എന്നിവരുടെ അഭിപ്രായങ്ങളും ശില്പശാലയില് ചര്‍ച്ച ചെയ്തു.
കടവന്ത്ര ഗാന്ധിനഗര്‍ സപ്ലൈകോ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ശില്പശാലയില് പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ.ഡി. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ശ്രീറാം വെങ്കിടരാമന്, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് സ്റ്റേറ്റ് ഹെഡ് ഡോ. ബി രാജീവന്, റേഷനിങ് കണ്ട്രോളര് കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.