ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു

                                                        പുതുക്കിയ വേഗപരിധി നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും സംസ്ഥാനത്തെ സ്‌റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, 4 വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്. ബസുകളില്‍ ഘടിപ്പിക്കുന്നതിന് നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ നല്‍കിയ നിവേദനവും ക്യാമറ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസിയുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകള്‍ക്കും കോണ്‍ട്രാക്ട് കാരിയേജുകള്‍ക്കും ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നേരത്തെ നല്‍കിയ സമയപരിധി ജൂണ്‍ 30 ആയിരുന്നു.