പരിശോധന സമിതിയില്‍ സ്വതന്ത്ര വിദഗ്ധരും വേണമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം.
കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു സമഗ്രമായ സുരക്ഷാ പരിശോധന. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചു.
ഇതിനു മുന്‍പ് 2011 ലാണ് ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഈ തീരുമാനം ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്.
സ്വതന്ത്ര വിദഗ്ദന്‍മാര്‍ ഉള്‍പ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021-ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇങ്ങനെയുള്ള പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. സുരക്ഷാ പരിശോധനകളില്‍ ഏതെങ്കിലും ഒന്നില്‍ സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചാല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്റെ വാദത്തിന് ബലം വര്‍ധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരളത്തിന്റെ പ്രതിനിധികരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ബി. അശോക് , ഐഡിആര്‍ബി ചീഫ് എഞ്ചിനീയര്‍ (അന്തര്‍സംസ്ഥാന നദീജലം ) പ്രീയേഷ് ആര്‍., എന്നിവരും തമിഴ്‌നാടിനെ പ്രതിനിധികരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: കെ. മണിവാസന്‍, കാവേരി ടെക്‌നിക്കല്‍ സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ എന്നിവരുമാണ് പങ്കെടുത്തത്.