സമൃദ്ധിയുടെ നിറവിൽ മലയാളികൾക്ക് ഇന്ന് പൊന്നോണം

കോഴിക്കോട് :സമ്പൽ സമൃദ്ധിയുടെ നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളവും ഓണക്കോടിയും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. പഞ്ഞ കർക്കിടത്തിന് പിന്നാലെയെത്തുന്ന ചിങ്ങം സമൃദ്ധിയുടെ മാസമാണ് .ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം.