മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം’ എന്ന പി. ജയരാജന്റെ പുസ്തകം  മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

ഈ കൃതിയുടെയും വർത്തമാനകാല മുസ്ലീം രാഷ്ട്രീയതയുടെയും പശ്ചാത്തലത്തിൽ സമകാലികമായ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടി ഈ സന്ദർഭം ഉപയോഗിക്കട്ടെ. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ടു കാണുന്നതു ശരിയാവില്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാൽ, ലീഗ് അങ്ങനെയൊരു നിലപാടിലല്ല. മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്ലാമി തീർത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാൽ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നു എന്നു കാണാം.

‘കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം’ എന്ന സഖാവ് പി ജയരാജന്റെ ഗ്രന്ഥം സന്തോഷപൂർവ്വം ഞാൻ പ്രകാശനം ചെയ്യുന്നു.
ഈ കൃതി ഒന്നോടിച്ചു നോക്കാനേ സാവകാശം കിട്ടിയിട്ടുള്ളൂ. വിശദമായി വായിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതിലെ എല്ലാ പരാമർശങ്ങളും അതേപോലെ ഞാൻ പങ്കുവെക്കുന്നു എന്ന് അർത്ഥമില്ല. എന്നുമാത്രമല്ല, ഓരോ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെതായ അഭിപ്രായമുണ്ടാവാം. അതേ അഭിപ്രായമുള്ളവരേ ആ കൃതി പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് നമ്മുടെ പൊതുമണ്ഡലത്തിൽ വേണ്ടത്ര ഇടമുണ്ട്. അവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്.
ഞങ്ങൾ ഇരുവരും ഒരേ പ്രസ്ഥാനത്തിൽപ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നിടത്തൊക്കെ യോജിപ്പുണ്ടാവും. വ്യക്തിപരമായ വിലയിരുത്തലുകളിൽ സ്വാഭാവികമായും വ്യത്യസ്ത വീക്ഷണങ്ങളുമുണ്ടാവും. അത്രയേ കരുതേണ്ടൂ.

ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നമ്മുടെ രാഷ്ട്രീയം, പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയും ചെയ്യൂ എന്നതാണ് ഈ കൃതിയുടെ പൊതുസമീപനം. ഇന്നത്തെ കാലത്ത് ആ കാഴ്ചപ്പാടിന് വർദ്ധിച്ച പ്രസക്തിയുണ്ട്. അതുതന്നെയാണ് ഇത്തരമൊരു കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നതും. ഏറെ പഠന-ഗവേഷണങ്ങൾ നടത്തി കാര്യങ്ങളെ അപഗ്രഥിച്ച് തന്റേതായ വിലയിരുത്തലുകൾ രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയതിന് ഞാൻ സഖാവ് പി ജയരാജനെ അഭിനന്ദിക്കുന്നു.
പതിമൂന്ന് അധ്യായങ്ങളിലായി, ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള വരവു മുതൽക്കുള്ള ചരിത്രം, അപഗ്രഥനാത്മകമാം വിധം പരിശോധിച്ച് അവതരിപ്പിക്കുകയാണു ജയരാജൻ ഈ കൃതിയിൽ ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇസ്ലാമിന്റെ, ഇസ്ലാം രാഷ്ട്രീയതയുടെ, അതു കേരളീയ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനത്തിന്റെ ക്രോണിക്കിൾ ആണ് ഈ ഗ്രന്ഥം എന്നു പറയാം.
ഏഴാം നൂറ്റാണ്ടിൽ കച്ചവടക്കാരായി ഇവിടെ എത്തിയവരുടെ തൊട്ടുള്ള ചരിത്രത്തിന്റെ പ്രതിപാദനമിതിലുണ്ട്. മതവ്യാപനത്തിന്റെ വഴികളുണ്ട്. സൂഫി പണ്ഡിതരുടെ ഇവിടേക്കുള്ള വരവുണ്ട്. മാപ്പിള സമുദായം ഇവിടെ രൂപപ്പെട്ടതിന്റെ പശ്ചാത്തലമുണ്ട്. ഇതിനൊക്കെയൊപ്പം മുസ്ലീം സമുദായത്തിന്റെ ഇവിടുത്തെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും പി ജയരാജൻ അടയാളപ്പെടുത്തിയിരിക്കുന്നു. പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയുമായി യോജിച്ചു നടത്തിയ സമരം തൊട്ട് മലബാർ കലാപത്തിലെ ചരിത്രപരമായ പങ്കുവരെ അടയാളപ്പെടുത്തിയിരിക്കുന്നു.

വെറുതെ പോരാട്ടങ്ങളെ പരാമർശിച്ചുപോവുകയല്ല, മറിച്ച്, അവയെ ചരിത്ര പശ്ചാത്തലത്തിൽ രാഷ്ട്രീയമായി വിശകലനം ചെയ്യുകയാണ്. ആ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂതിരിയുമായി യോജിച്ചു നടത്തിയ പോരാട്ടം മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ളതായിരുന്നില്ല എന്നും സാമ്രാജ്യത്വാധിനിവേശത്തെ ചെറുക്കാനുള്ള ദേശീയ സ്വഭാവത്തോടു കൂടിയതായിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ കലാപം, ബ്രിട്ടീഷുകാർ വിളിക്കുന്ന മാപ്പിള ലഹളയല്ല, ജന്മിത്വത്തിന്റെ അടിച്ചമർത്തലിനും അതിനു കുടപിടിച്ച സാമ്രാജ്യത്വാധിപത്യത്തിനുമെതിരായ ദേശീയ മോചന സ്വഭാവത്തോടു കൂടിയതായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതും അങ്ങനെതന്നെ.
ഇങ്ങനെയുള്ള വിലയിരുത്തലുകളാണ് ചരിത്രപരമായ ഈ വസ്തുതാകഥനത്തെ ചരിത്ര വിദ്യാർത്ഥികൾക്കും സമൂഹത്തിനാകെയും ആകർഷകമാക്കുന്നത്. എം പി നാരായണ മേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും മറ്റും ചേർന്ന് കുടിയാൻ സംഘം രൂപീകരിച്ചതിന്റെ മതേതര സ്വഭാവം ഇഴ പിരിച്ച് അവതരിപ്പിക്കുന്നുണ്ട് ഇതിൽ. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടതും മഹാത്മാ ഗാന്ധി മുതൽ മൗലാനാ ഷൗഖത്ത് അലി വരെ കോഴിക്കോടു സന്ദർശിച്ചതും അതിന്റെ സാമൂഹ്യ – സാമുദായിക പശ്ചാത്തലത്തിൽത്തന്നെ അവതരിപ്പിക്കുന്നു.
ഖിലാഫത്തിന്റെ ഭാഗമായി കോൺഗ്രസ് സമരങ്ങളിൽ മാപ്പിള കുടിയാന്മാർ വൻതോതിൽ വന്നതും ജന്മിമാരധികവും ഹിന്ദുക്കളായിരുന്നു എന്നതുകൊണ്ടു ജന്മിത്വത്തിനെതിരായ കാർഷിക പോരാട്ടം ഹിന്ദുത്വത്തിനെതിരായ പോരാട്ടമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും ഉദാഹരണങ്ങൾ സഹിതം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. തുടക്കത്തിൽ ഖിലാഫത്തിന്റെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് പിന്നീട് ഒരു ഘട്ടത്തിൽ അതിനെ കൈയൊഴിഞ്ഞതും അങ്ങനെ പാവപ്പെട്ട മുസ്ലീം കർഷകർക്കും മറ്റും അതിനെതിരെയുള്ള അടിച്ചമർത്തലുകളാകെ തനിച്ച് സഹിക്കേണ്ടിവന്നതും കൃത്യമായിത്തന്നെ എടുത്തുപറയുന്നുണ്ട്.

നിലമ്പൂർ കോവിലകത്തെ തോക്കുമോഷണ സംഭവവുമായി ബന്ധപ്പെട്ട് ആലിമുസലിയാരെ അറസ്റ്റു ചെയ്യാൻ ശ്രമമുണ്ടായതും അതിനെ ചെറുക്കാൻ ജനങ്ങൾ വൻതോതിൽ അണിനിരന്നതും മാപ്പിള കൃഷിക്കാർ വൻതോതിൽ പോലീസിനെതിരെ അണിചേർന്നതും വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നതും തുടർന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ജനങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തുന്ന നില വന്നതും ബ്രിട്ടീഷ് സർക്കാർ ഗൂർഖാ പട്ടാളത്തെ കൊണ്ടുവന്ന് അടിച്ചമർത്തിയതും പ്രക്ഷോഭം ഒരു ഘട്ടത്തിലെത്തിയപ്പോൾ സമരത്തിനു വർഗ്ഗീയ നിറം വന്നതും ഉൾപ്പെടെയുള്ള ചരിത്രകാര്യങ്ങൾ ഈ കൃതി അടയാളപ്പെടുത്തുന്നു.
എന്നാൽ, കുഞ്ഞഹമ്മദ് ഹാജി അക്കാലത്ത് ഹിന്ദു പത്രത്തിനയച്ച കത്തുയർത്തിക്കാട്ടി, സഖാവ് ജയരാജൻ സമരത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് അടിവരയിടുന്നുമുണ്ട്. മതസൗഹാർദമില്ലാതായി എന്നും മതംമാറ്റ ആരോപണം സത്യമല്ലെന്നും കാണിക്കുന്ന ആ കത്ത് ചരിത്രത്തെ നേർവഴിക്കാക്കാൻ ഒട്ടൊന്നുമല്ല പ്രയോജനപ്പെടുന്നത്.

മലബാർ കലാപത്തിന്റെ കാർഷിക ഉള്ളടക്കത്തെ കാണാതെ വർഗ്ഗീയ അംശം മാത്രമേ അതിലുള്ളു എന്നു തെറ്റായി വ്യാഖ്യാനിച്ചതിനെ തിരുത്താൻ കമ്മ്യൂണിസ്റ്റു നേതാവ് അബനി മുഖർജി തയ്യാറാക്കിയ ‘ദ മാപ്പിള റയ്‌സിങ്ങ്’ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ കമ്മ്യൂണിസ്റ്റു റിവ്യൂവിൽ പ്രസിദ്ധീകരിച്ചതുൾപ്പെടെ ഈ കൃതിയിൽ ചേർത്തുകൊണ്ട് ജയരാജൻ ഇതിലെ നിലപാടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നുണ്ട്.

കവി രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠൻ സുധീന്ദ്രനാഥ ടാഗോറിന്റെ മകൻ സൗമ്യേന്ദ്രനാഥ ടാഗോർ ഇവിടെയെത്തി കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കി എഴുതിയതും ബ്രിട്ടീഷ് സർക്കാർ നിരോധിച്ചതുമായ ‘പെസന്റ്‌സ് റിവോൾട്ട് ഇൻ മലബാർ’, മലബാർ കലാപത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം അന്നേ വെളിച്ചത്തു കൊണ്ടുവന്നിരുന്നു. 1939 ൽ തന്നെ സഖാവ് ഇ എം എസ്സും പ്രഭാതത്തിലെ തന്റെ ലേഖനത്തിൽ മാർക്‌സിയൻ പരിപ്രേക്ഷ്യത്തിൽ 1921 ലെ കലാപത്തെ കൃത്യമായി വിശകലനം ചെയ്തിരുന്നു.
മലബാർ കലാപത്തിന്റെ 25-ാം വർഷത്തിൽ, അതായത് 1946 ആഗസ്റ്റ് 20 ന് ഇ എം എസ്സിന്റെ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിക്കപ്പെട്ടതും പിന്നീടതു പാർട്ടി പ്രമേയമായി അംഗീകരിക്കപ്പെട്ടതും എല്ലാവർക്കും അറിയാം. കാർഷികസമരങ്ങൾ ഉയർന്നുവരണം എന്നതായിരുന്നു ആഹ്വാനം. അവസാനം അവ വർഗ്ഗീയമായി വഴിതിരിഞ്ഞു പോകരുത് എന്നതായിരുന്നു താക്കീത്. അന്ന്, അതു പ്രസിദ്ധീകരിച്ചപ്പോൾ ഇ എം എസ്സിനെ അറസ്റ്റു ചെയ്തു, ദേശാഭിമാനിയെ നിരോധിച്ചു. അന്നു കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാട് എന്തായിരുന്നു? കോൺഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞു. ലീഗാകട്ടെ, ഇങ്ങനെ പോയി അടികൊള്ളേണ്ട കാര്യമില്ലെന്ന നിലപാട് കൈക്കൊണ്ടു.

വാഗൺ ട്രാജഡി ഇന്ന് എല്ലാവർക്കും അറിയാം. അന്ന്, അറസ്സിലായവരെ ആന്തമാനിലേക്കു നാടുകടത്തുകയും മദ്രാസ് സ്റ്റേറ്റിലെ പല ജയിലുകളിലടയ്ക്കുകയും ചെയ്തതുമറിയാം. എന്നാൽ, മലബാർ കലാപം എന്ന പേരിൽ കണ്ണൂർ ജയിലിലടച്ചവരിൽ പത്തുപേരെ ജയിലിലിട്ടു വെടിവെച്ചു കൊന്നതിന്റെ വിശദാംശങ്ങൾ വേണ്ടത്ര പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കൃതിയിൽ പി ജയരാജൻ അതിന്റെ വിശദാംശങ്ങൾ തേടിച്ചെല്ലുന്നുണ്ട്.

കോൺഗ്രസിന്റെ രൂപപരിണാമം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന ജാതിക്കാരുടെയും സമ്പന്നരുടെയും പാർട്ടിയായിരുന്നു കോൺഗ്രസ്. അതു സ്വാഭാവികമായും കൃത്യമായ വലതുപക്ഷ നിലപാടുകളെടുത്തു. ചെറുകിട കൃഷിക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി. അതു സ്വാഭാവികമായും ഇടതുപക്ഷ നിലപാടെടുത്തു. ഈ ഇടതുപക്ഷ – വലതുപക്ഷ വേർതിരിവു കനത്തുവന്നതെങ്ങനെ എന്നത് ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. വലതുപക്ഷം മുസ്ലീം വിരുദ്ധ നിലപാടുകളിലേക്കും മുസ്ലീം വിരുദ്ധ നിലപാട് പിന്നീട് ലീഗുവിരോധത്തിലേക്കും മാറിയതിന്റെ ചരിത്രം ഇതിൽ വിവരിക്കുന്നുണ്ട്. വലതുപക്ഷത്തിന്റെ ലീഗിനോടുള്ള എതിർപ്പ് പതുക്കെ മുസ്ലീം വിരുദ്ധ എതിർപ്പായതിന്റെ ചരിത്രവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

1948 ൽ കുറുമ്പ്രനാട് താലൂക്ക് പര്യടനത്തിനിടയിൽ കെ പി സി സി പ്രസിഡന്റായിരുന്ന കേളപ്പൻ നാദാപുരത്തു നടത്തിയ പ്രസംഗം മാതൃഭൂമി അന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ‘മുസ്ലീങ്ങൾ രാജ്യത്തിന്റെ വിശ്വാസത്തിന് അർഹരാവണം’ എന്നതായിരുന്നു ആ പ്രസംഗം. എന്താണ് ഇതിലെ ധ്വനി എന്നു ഞാൻ വിശദീകരിക്കുന്നില്ല. ഇന്നത്തെ കോൺഗ്രസ് നേതാക്കളോട് ലീഗു നേതാക്കൾ ചോദിച്ചു മനസ്സിലാക്കട്ടെ.

ഹിന്ദു മഹാസഭ കേരള ഘടകം രൂപീകരിക്കാനെത്തിയപ്പോൾ തിരുനാവായ ഹിന്ദു മഹാസഭാ സമ്മേളന സംഘാടനത്തിനു കോൺഗ്രസിലെ വലതുപക്ഷ നേതൃത്വമാണു മുൻകൈ എടുത്തത്. മാതൃഭൂമി ആ വലതുപക്ഷത്തിനൊപ്പം നിന്നപ്പോൾ മുഹമ്മദ് അബ്ദുറഹ്‌മാന്റെ ‘അൽ അമീൻ’ വലതുപക്ഷ നേതൃത്വത്തിനെതിരായുള്ള നിലപാടെടുത്തു. പത്രങ്ങളുടെ നിഷ്പക്ഷതയും മതനിരപേക്ഷതയും ഒക്കെ ആധുനിക കാലത്തു ചർച്ചയാവുമ്പോൾ ഇതും ചർച്ചയ്ക്കു വിഷയമാക്കാവുന്നതാണ്. അങ്ങനെയായാൽ പുതിയ നിലപാടുകളിൽ വലിയ അമ്പരപ്പൊന്നും ഉണ്ടാവാതിരിക്കും.

പഴയകാല ചരിത്രത്തിൽ ഊന്നിനിന്നുകൊണ്ട് മുസ്ലീം സമുദായവും മതനിരപേക്ഷ സമൂഹമാകെയും നേരിടുന്ന പുതുകാല പ്രശ്‌നങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട് സഖാവ് പി ജയരാജൻ.
കേരള മുസ്ലീങ്ങളും പൗരത്വ പ്രശ്‌നവും ഈ കൃതി ചർച്ച ചെയ്യുന്നുണ്ട്. ഇൻഡോ – പാക് വിഭജന ഘട്ടത്തിൽ തൊഴിലിനായി കറാച്ചിയിലായിരുന്നവർ അവിടെ നിന്നയച്ച മണി ഓർഡർ കൊണ്ട് കഴിഞ്ഞിരുന്ന കുടുംബങ്ങൾ മലബാറിലുണ്ട്. എന്നാൽ, അവർ ഉപജീവനാർത്ഥമാണവിടെ കഴിഞ്ഞിരുന്നത് എന്നതുപോലും മറന്ന് അവരെ പാക് പൗരന്മാരായി കാണുന്ന സ്ഥിതിയുണ്ടായി. ആ പ്രശ്‌നത്തിന്റെ ദുരന്തം കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ പലരും അനുഭവിച്ചു. ഇന്തോ – പാക് യുദ്ധത്തെ തുടർന്ന് എനിമി പ്രോപ്പർട്ടി ആയി കണക്കാക്കി ഇവരുടെ സ്വത്ത്. ഇതിന്റെ അറിയപ്പെടാത്ത വശങ്ങൾ ഈ കൃതിയിലുണ്ട്.

ഖിലാഫത്തിനെ തുടർന്നു രാഷ്ട്രീയത്തോടു വിരക്തി കാട്ടിയ ഇസ്ലാം ജനവിഭാഗങ്ങളിൽ പെട്ടവരെ മതസംഘടനകൾ എങ്ങനെ തങ്ങളുടെ സ്വാധീനത്തിലാക്കി എന്നത് ഈ കൃതി പരിശോധിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ 1957 ലെ കമ്മ്യൂണിസ്റ്റു സർക്കാർ വന്നതോടെ മാറിത്തുടങ്ങിയതിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ട് ആ രംഗത്തെ പുരോഗതിയെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്.

മുസ്ലീങ്ങളും കേരള രാഷ്ട്രീയ പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നിടത്ത് മൂന്നു ധാരകളുണ്ടായിരുന്നതായി പുസ്തകം വിലയിരുത്തുന്നുണ്ട്. ഒന്ന് : ദേശീയ മുസ്ലീങ്ങൾ, രണ്ട് : മുസ്ലീം ലീഗ്, മൂന്ന് : കമ്മ്യൂണിസ്റ്റ്. മസ്ജിദ് പുനർനിർമ്മാണത്തിലെ നിയന്ത്രണം നീക്കൽ, സ്‌കൂൾ വ്യാപിപ്പിക്കൽ, മലപ്പുറം ജില്ല രൂപീകരിക്കൽ, സച്ചാർ കമ്മിറ്റിക്കു പിന്നാലെ രൂപീകരിച്ച പാലൊളി കമ്മിറ്റി തുടങ്ങിയവയൊക്കെ വിശദീകരിച്ചുകൊണ്ട് മുസ്ലീം ജനസാമാന്യത്തിന്റെ താൽപര്യങ്ങൾ കമ്മ്യൂണിസ്റ്റുകാർ എങ്ങനെ മുമ്പോട്ടു കൊണ്ടുപോയി എന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം, ലീഗിനോടുള്ള കോൺഗ്രസ് സമീപനത്തിൽ വന്ന മാറ്റംമറിച്ചിലുകളും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കോൺഗ്രസ് ലീഗിനെ തൊടുന്നതിൽ അയിത്തം പുലർത്തിയിരുന്നതും നെഹ്‌റു ലീഗിനെ ചത്ത കുതിര എന്നു വിശേഷിപ്പിച്ചതും അറുപതിൽ കോൺഗ്രസ് – ലീഗ് – പി എസ് പി മുക്കൂട്ടുമുന്നണിയുണ്ടായെങ്കിലും ലീഗിനു മന്ത്രിസ്ഥാനം നിഷേധിച്ചതും 67 ലെ തെരഞ്ഞെടുപ്പിൽ ലീഗു സി പി ഐ എമ്മിനൊപ്പം ഐക്യ മുന്നണിയിൽ ഒരുമിച്ചതും, എന്നാൽ 69 ൽ വിട്ടുപോയശേഷമുള്ള പ്രസംഗത്തിൽ സി എച്ച് മുഹമ്മദ് കോയ, ജനസംഘ – ആർ എസ് എസ് ശക്തികളെ പ്രീണിപ്പിക്കാൻ നേട്ടങ്ങളുടെ പട്ടികയിൽ നിന്നു മലപ്പുറം ജില്ലാ രൂപീകരണം ഒഴിവാക്കിയതും ഒക്കെ സന്ദർഭോചിതമായി പി ജയരാജൻ വിലയിരുത്തുന്നുണ്ട്.

ഈ കൃതിയുടെയും വർത്തമാനകാല മുസ്ലീം രാഷ്ട്രീയതയുടെയും പശ്ചാത്തലത്തിൽ സമകാലികമായ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടി ഈ സന്ദർഭം ഉപയോഗിക്കട്ടെ. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ടു കാണുന്നതു ശരിയാവില്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാൽ, ലീഗ് അങ്ങനെയൊരു നിലപാടിലല്ല.
മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്ലാമി തീർത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാൽ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നു എന്നു കാണാം.