ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര തെരേസ ജോൺ.
കൊല്ലം: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊല്ലം പ്രെസ്സ്ക്ലബ്ബും സംയുക്തമായി പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി ചൈത്ര. മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും സുതാര്യതയും വിവരങ്ങളുടെ കൃത്യമായ ഒഴുക്കും ഉറപ്പുവരുത്താൻ മാധ്യമങ്ങൾ ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സമൂഹം എന്ന നിലയിൽ നാം ഏതു ദിശയിൽ നീങ്ങണമെന്ന് തീരുമാനിക്കുന്നതിലും മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളത്. മാധ്യമപ്രർത്തകർക്ക് സ്വയം വിലയിരുത്താനും കഴിവുകൾ മെച്ചപ്പെടുത്താനും വാർത്താലാപ് പോലുള്ള ശില്പശാലകൾ സഹായകമാണെന്നും ശ്രീമതി ചൈത്ര തെരേസ ജോൺ കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർ ഏതെങ്കിലും മേഖലകളിൽ സവിശേഷ പ്രാവീണ്യം നേടാൻ ശ്രമിക്കണമെന്നും, അത് മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി. പളനിച്ചാമി പറഞ്ഞു.കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഡി ജയകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് തിരുവനന്തപുരം ഡയറക്ടർ വി പാർവതി സംസാരിച്ചു. കേന്ദ്ര ഗവൺമന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു
മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് പെരേരയെ ആദരിച്ചു. പിഐബി ഇൻഫർമേഷൻ അസിസ്റ്റന്റ് കെ ശ്രീഷ്മസ്വാഗതവും കൊല്ലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി പ്രേം നന്ദിയുംപറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് പള്ളിപ്പുറം ജയകുമാർ, വാർത്താ റിപ്പോർട്ടിങ്ങിലെ വിവിധ ഉപാധികളെക്കുറിച്ച് ഡോ. ടി പി ഇംതിയാസ് അഹമ്മദ്, വിനോദസഞ്ചാരം: സവധ്യതകളും വെല്ലുവിളികളും വിഷയത്തിൽ എം നരേന്ദ്രൻ, ഇൻഫർമേഷൻ ബ്യൂറോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആതിര തമ്പി എന്നിവർ ക്ലാസെടുത്തു. മാധ്യമ പ്രവർത്തകരും ജേർണലിസം വിദ്യാർഥികളും പങ്കെടുത്തു.
വാർത്താ റിപ്പോർട്ടിങ്ങിലെ നിർമിത ബുദ്ധി ഉപയോഗം എന്ന വിഷയത്തിൽ കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ഡോ. ഇംതിയാസ് അഹമ്മദ്, ടൂറിസം രംഗത്തെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ശ്രീ എം നരേന്ദ്രൻ, കേന്ദ്ര ഗവൺമെന്റ് പദ്ധതികളെ സംബന്ധിച്ച് ശ്രീ പള്ളിപ്പുറം ജയകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പി ഐ ബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി സംസാരിച്ചു. ആകാശവാണിയെ പ്രതിനിധീകരിച്ച് നീരജ് ലാലും ജില്ലയിലെ കമ്യൂണിറ്റി റേഡിയോ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ ഗുണഭോക്താവായ രാഗേഷും അനുഭവങ്ങൾ പങ്കുവെച്ചു.