മധുരൈ: ഉയിർ കൊടുത്തും പ്രക്ഷോഭം നടത്തിയും നിയമപോരാട്ടത്തിനൊടുവിൽ തമിഴ് മക്കൾ ജീവിതത്തിന്റെ ഭാഗമായി നിലനിർത്തിയ “ജല്ലിക്കെട്ട്” മത്സരങ്ങൾക്ക് പൊങ്കൽ ദിനത്തിൽ ആവണിയാപുരത്തുതുടക്കമായി. പ്രെത്യേകം പരിശീലിപ്പിച്ച അതികായൻമാരായ കാളകളെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമകരവും അപകടം നിറഞ്ഞതുമായ കായികവിനോദം. മധുരയുടെ വീരപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇവിടുത്തുകാർ ഈ കായിക വിനോദത്തെ ജീവിതത്തിന്റെ ഭാഗമാക്കിയത്.
ജനുവരി 14, 15, 16, തീയതികളിൽ യഥാക്രമം മധുരയിലെ ആവണിയാപുരം, പാലമേട്, അലങ്കാനല്ലൂർ എന്നിവിടങ്ങളിൽ ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കും.
‘മൃഗക്ഷേമം’, ‘പൈതൃകം’ എന്നീ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതോടെ സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു വിവാദത്തിന്റെ കേന്ദ്ര ബിന്ദു കൂടിയായിരുന്നുവിത്. 2006-ലാണ് ജല്ലിക്കെട്ട് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. ഒരു കാളയുടെ ആക്രമണത്തിൽ ഒരു കാഴ്ച്ചക്കാരൻ കൊല്ലപ്പെട്ടതാണ് ഇതിന് വഴിയൊരുക്കിയത്. സംഭവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജല്ലിക്കെട്ട് നിരോധിച്ചു. പിന്നീട് മൃഗക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി 2014-ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചും ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി. വ്യാപക പ്രതിഷേധത്തിനാണ് കോടതി നടപടി വഴിയൊരുക്കിയത്. പ്രതിഷേധനങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ 2017-ൽ, തമിഴ്നാട് സർക്കാർ താൽക്കാലികമായി നിരോധനം നീക്കി. ജല്ലിക്കെട്ട് അനുവദിക്കുന്നതിനായി 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും ഭേദഗതി ചെയ്തു. ഇതിനിടെ വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിമയപോരാട്ടം നടക്കുന്നുണ്ടായിരുന്നു.
ആറ് വർഷങ്ങൾക്ക് ശേഷം, 2023 മെയ് മാസത്തിൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ജല്ലിക്കെട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ജല്ലിക്കട്ട്, കമ്പള, തുടങ്ങിയ കാളയെ മെരുക്കുന്ന മറ്റ് പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള പിസിഎ നിയമത്തിൽ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ വരുത്തിയ ഭേദഗതികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഇതിനൊപ്പം 2014-ലെ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയും ബെഞ്ച് റദ്ദാക്കി. മുൻ കാലങ്ങളി മത്സരത്തിനിടയിലുണ്ടായ അപകടങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാരിന്റെ നിയന്ത്രണത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
മധുരെ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം, ഒരു കാളയ്ക്ക് ജില്ലയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാനാകൂ. ഉടമസ്ഥനും പരിശീലകനും മാത്രമേ കാളയെ അനുഗമിക്കാൻ പാടുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്ന വീരന്മാരും കാളയുടമകളും മധുരൈ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും രേഖകൾ ഹാജരാക്കുകയും വേണം. മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായവരെയാകും മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. യോഗ്യരായ മത്സരാർഥികൾക്ക് ജില്ലാ ഭരണകൂടം നൽകുന്ന ടോക്കൺ ഉപയോഗിച്ചു മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകൂ.
1,100 കാളകളും 900 വീരന്മാരും മത്സരത്തിൽ പങ്കെടുക്കും. ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് 11 ലക്ഷം രൂപ വിലവരുന്ന ട്രാക്ടറാണ് സമ്മാനമായി ലഭിക്കുക. ഏറ്റവും മികച്ച വീരന് എട്ടു ലക്ഷം രൂപയുടെ കാറും സമ്മാനമായി ലഭിക്കും. നിരവധി സമ്മാനങ്ങളും മത്സരാർഥികളെ കാത്തിരിക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാക്രമീരണങ്ങൾ പോലീസ് സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി കാളകളെയും വീരന്മാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും ഇവരെ മത്സരിക്കാൻ അനുവദിക്കുക.
പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് മധുരയിലെ ആവണിയാപുരത്ത് മത്സരം നടന്നത്. 11 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ആകെ 836 കാളകളും 900 കളിക്കാരും പങ്കെടുത്തു. രാവിലെ 6.15 ന് ആണ് മത്സരങ്ങൾ ആരംഭിച്ചത്. തമിഴ്നാട് മന്ത്രി മൂർത്തി, മധുര ജില്ലാ കളക്ടർ സംഗീത, മധുര കോർപ്പറേഷൻ കമ്മീഷണർ ദിനേശ് കുമാർ, മധുര മുനിസിപ്പൽ പൊലീസ് കമ്മീഷണർ ലോഗനാഥൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സരം ആരംഭിച്ചത്. ആകെ 30 കളിക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
അവസാന റൗണ്ടിൽ 19 കാളകളെ മെരുക്കിയ മധുരൈയിലെ തിരുപ്പറങ്ങുന്ദ്രത്തിൽ നിന്നുള്ള കാളപ്പോരാളിയായ കാർത്തിക് ഒന്നാമതെത്തി. മികച്ച പ്രകടനം കാഴ്ച്ചവെച്ച കാര്‍ത്തികിന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് 8 ലക്ഷം രൂപയുടെ കാർ സമ്മാനിച്ചു. കളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാണ്ടിയുടെ കാളയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വകയായി 12 ലക്ഷം രൂപയുടെ ട്രാക്ടറാണ് സമ്മാനമായി ലഭിച്ചത്. മധുര കോർപ്പറേഷൻ മേയർ ഇന്ദ്രാണി പൊൻ വസന്തിന്റെ വകയായി മികച്ച കളിക്കാരനും കാളയുടമയ്ക്കും പശുക്കളെയും കിടാവുകളെയും സമ്മാനിച്ചു.മധുര ജില്ലയിലെ കുന്നത്തൂർ പ്രദേശത്തെ അരവിന്ദ് ദിവാകർ രണ്ടാം സമ്മാനമായ ഒരു ഇരുചക്ര വാഹനം നേടി. ജി ആർ കാർത്തിക്കിന്റെ കാളയ്ക്കാണ് രണ്ടാം സമ്മാനം. കാളയുടമയ്ക്കും ഇരുചക്ര വാഹനം സമ്മാനിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച പുതുക്കോട്ടൈ ജില്ലയിലെ തച്ചൻകുറിശ്ശിയിൽ ജല്ലിക്കെട്ട് അരങ്ങേറിയിരുന്നു. ഏറ്റവും കൂടുതൽ വടിവാസൽ (കാളകൾക്കുള്ള പ്രവേശന കവാടങ്ങൾ) ഉള്ളതിനാലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജല്ലിക്കട്ട് പരിപാടികൾ നടക്കുന്നതിനാലും പുതുക്കോട്ട ജില്ല പ്രശസ്തമാണ്. . ജനുവരി മുതൽ മെയ് 31 വരെ, 120 ലധികം ജല്ലിക്കട്ട് പരിപാടികൾ, 30 ലധികം കാളവണ്ടി മത്സരങ്ങൾ, 50 ലധികം വടമഡു (കെട്ടിയ കാള) പരിപാടികൾ എന്നിവ ജില്ലയിൽ സാധാരണയായി നടക്കുന്നു
കിട്ടി വാസൽ
കാളകൾപുറത്തു വരുന്ന വാതിൽ (കിട്ടിവാസൽ) മുതൽ 80 അടി നീളത്തിൽ ഇരുവശവും തീർത്ത ശക്തമായ ഇരുമ്പ് വേലികൾക്കുള്ളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജല്ലിക്കെട്ട് ഒാട്ടത്തിന് തയ്യാറെടുക്കുന്ന കാളകൾ”മുനി” എന്നറിയപ്പെടും.മുനിക്ക് പ്രഭാതഭക്ഷണം ഒരു വീട്ടിലാണെങ്കിൽ, ഉച്ചഭക്ഷണം ഗ്രാമത്തിലുള്ള മറ്റൊരു വീട്ടിൽ ആയിരിക്കും. അവിടെയുള്ള മുനിയാണ്ടി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത ഉൗർകാള അല്ലെങ്കിൽ ഗ്രാമ കാളയാണ്. ഇല്ലിക്കട്ട് മത്സരം ഗേറ്റിന് പുറത്ത് വരുന്ന ആദ്യത്തെ കാളയാണ്, അവന്റെ പുറത്തുകടക്കൽ ജെല്ലിക്കെട്ടിന്റെ തുടക്കം കുറിക്കുന്നു.
കൊമ്പില്‍ നാണയക്കിഴി കെട്ടി, ഓടിവരുന്ന കാളയെ അതിന്റെ മുതുകില്‍ തൂങ്ങി കീഴടക്കി ആ കിഴിക്കെട്ട് സ്വന്തമാക്കുന്ന തമിഴ്പോരാട്ട വീര്യമാണ് ജല്ലിക്കെട്ടിന്റെ അകര്ഷകത്വം. തമിഴ് ജനത തങ്ങളുടെ ധീരതയും, ശക്തിയും, വൈദഗ്ദ്ധ്യവും പ്രദര്‍ശിപ്പിക്കുന്ന ഈ പോരില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. പങ്കെടുക്കുന്നവർക്ക് മാത്രമല്ല, കാണികൾക്കും ഗുരുതരമായ പരിക്കുകൾ ഏറ്റ ചരിത്രമേറെ.
ജല്ലിക്കെട്ട് മത്സരാര്‍ഥിക്ക് ദാരുണാന്ത്യം
മധുര വേലങ്കുടി പ്രദേശത്തെ പശു ഉടമായായ നവീൻ കുമാര്‍ ജല്ലിക്കെട്ട് കാളയുടെ ആക്രമണത്തിൽ മരിച്ചു. ആക്രമണത്തില്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.