പത്തനംതിട്ട: ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തക്കാണ് മകരജ്യോതി ദർശന ഭാഗ്യം സിദ്ധിച്ചത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു.
ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദർശനം സാധ്യമാക്കി. ദർശന പുണ്യം നേടിയ ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയർ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞു.
മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിക്കാനായത്. പുല്ലുമേട്ടിലും പതിനായിരങ്ങളാണ് മകരവിളക്ക് ദര്‍ശനത്തിനായി എത്തിയിരുന്നത്.