തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ നിയമസഭാ മന്ദിരത്തിലെത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തുനിന്നു വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച പോളിങ് സാമഗ്രികള്‍ വോട്ടെടുപ്പ് ദിനമായ ജൂലൈ 18 വരെ അതിസുരക്ഷയില്‍ നിയമസഭാ മന്ദിരത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.
ബാലറ്റ് ബോക്സുകള്‍, ബാലറ്റ് പേപ്പറുകള്‍, പ്രത്യേക പേനകള്‍, സീല്‍ ചെയ്ത മറ്റു തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്നിവയാണ് 13 ന് തെരഞ്ഞെടുപ്പു കമ്മിഷന് ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍നിന്നു ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി. കൃഷ്ണദാസ്, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ആര് ഷാജി, അണ്ടര്‍ സെക്രട്ടറി സി. സുരേശന്, സെക്ഷന്‍ ഓഫിസര്‍ ആര്. ശിവലാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികള്‍ രാവിലെ 11.30നുള്ള വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍നിന്നു കര്‍ശന പൊലീസ് സുരക്ഷയില്‍ നിയമസഭാ മന്ദിരത്തിലെത്തിച്ച ഇവ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ കവിത ഉണ്ണിത്താന്റെ നേതൃത്വത്തില്‍ സ്ട്രോങ് റൂമിലേക്കു മാറ്റി. സ്ഥാനാര്‍ഥികളുടെ അംഗീകൃത ഏജന്റുമാരായ സാമാജികരുടെ സാന്നിധ്യത്തിലാണ് സാമഗ്രികള്‍ സ്ട്രോങ് റുമില് വച്ചു സീല്‍ ചെയ്തത്. സ്ട്രോങ് റൂമിന് പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 18നു വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം, പോള്‍ ചെയ്തതും സീല്‍ ചെയ്തതുമായ ബാലറ്റ് പെട്ടികളും മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികളും വിമാനമാര്‍ഗം രാജ്യസഭാ സെക്രട്ടേറിയറ്റിലെ റിട്ടേണിങ് ഓഫീസറുടെ ഓഫിസിലേക്കു തിരികെ കൊണ്ടുപോകും. ജൂലൈ 21നാണു വോട്ടെണ്ണല്‍.