12 വോള്യങ്ങളായി 6947 പേജുകളുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നടപടിക്രമങ്ങള്‍ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഇതാദ്യം
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികം 2025 ല്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നടപടിക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങള്‍ സംയുക്തമായി നിയമസഭാ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച ഫോട്ടോ-വീഡിയോ-പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കര്‍.
ആദ്യമായിട്ടാണ് കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങള്‍ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 12 വോള്യങ്ങളിലായി 6947 പേജുകളില്‍ വ്യാപിച്ചുകിടക്കുന്ന കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങള്‍ 100 പേര്‍ ചേര്‍ന്നാണ് പരിഭാഷപ്പെടുത്തുന്നത്.
2025 ല്‍ പരിഭാഷ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കും.
ഭരണഘടനക്ക് നേരെ വെല്ലുവിളി നേരിടുന്ന സമയമായതിനാലാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. നമ്മുടെ ഭരണഘടന എങ്ങനെ രൂപപ്പെട്ടുവന്നത് നിരന്തരം പറയേണ്ടുന്ന സന്ദര്‍ഭമാണിത്. മതനിരപേക്ഷതയില്‍ ഊന്നിയതിനാലാണ് മുക്കാല്‍ നൂറ്റാണ്ടോളമായി ഇന്ത്യ നിലനിന്നു പോന്നതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മതത്തില്‍ ഊന്നി മുന്നോട്ടുപോയ നമ്മുടെ അയല്‍രാജ്യം വിഭജിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര ഇന്ത്യക്ക് ആധാരമായ മൂല്യങ്ങളെക്കുറിച്ചും പുതുതലമുറ അറിയേണ്ട സമയമാണ് ആസാദ് കാ അമൃത് മഹോത്സവ്.
നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ജനാധിപത്യത്തിന്റെ പരിമിതിയും ദൗര്‍ബല്യവുമാണ്. സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒരുക്കിയ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കേരള നിയമസഭ രാജ്യത്തിന് മാതൃകയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്മേളിച്ച നിയമസഭ കേരള നിയമസഭയാണ്. 61 ദിവസങ്ങളാണ് കോവിഡിന്റെ ഭീഷണികള്‍ക്കിടയിലും നിയമസഭ സമ്മേളിച്ചത്. പാര്‍ലമെന്റ് പോലും ഇത്ര ദിവസങ്ങള്‍ ചേര്‍ന്നിട്ടില്ല. 51 നിയമങ്ങളാണ് കേരള നിയമസഭ നിലവില്‍ വന്നശേഷം ഇതുവരെ പാസാക്കിയത്.
കേരള നിയമസഭയിലെ എല്ലാ ബില്ലുകളും നിയമസഭാ സമിതികളുടെ സൂക്ഷ്മ പരിശോധനക്ക് വിധേയമായി പാസാക്കപ്പെടുമ്പോള്‍ പാര്‍ലമെന്റില്‍ വെറും 12 ശതമാനം ബില്ലുകള്‍ മാത്രമാണ് സമിതികള്‍ക്ക് വിടുന്നതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന സംരക്ഷിക്കാന്‍ ഭരണാധികാരികളോട് കലഹിക്കേണ്ട അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
‘ഇന്ത്യ എന്ന ആശയം: ഭരണഘടനയും വര്‍ത്തമാനകാല യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ ജെ. പ്രഭാഷ് പ്രഭാഷണം നടത്തി.
നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംസ്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.