വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി – തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നു തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ചവിട്ടിമെതിച്ചു തൊഴില്‍ മേഖലയില്‍ സമാധാനം സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ദേശീയ തൊഴില്‍ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ സംബന്ധിച്ച് തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചു പാര്‍ലമെന്റ് പാസാക്കിയ നാലു തൊഴില്‍ കോഡുകളിലുമുള്ള ചില വ്യവസ്ഥകള്‍ അന്തര്‍ദേശീയ തൊഴില്‍ സംഘടന അംഗീകരിച്ച പ്രമാണങ്ങള്‍ക്കു നിരക്കാത്തതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയിലാണു ലേബര്‍ കോഡുകള്‍ തയാറാക്കിയിരിക്കുന്നത്. തൊഴില്‍ എന്നതു ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഈ വിഷയത്തില്‍ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുണ്ട്. സംസ്ഥാനത്ത് 87 തൊഴില്‍ മേഖലകള്‍ മിനിമം വേതന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ് എംപ്ലോയ്മെന്റ് അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈലി സ്‌കില്‍ഡ്, സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതിയാണു പുതിയ കോഡ് ഓണ്‍ വേജസിലുള്ളത്. ഇങ്ങനെ വേതനം നിര്‍ണയിക്കുമ്പോള്‍ സംസ്ഥാനത്തു നിലവിലുള്ള എല്ലാ തൊഴില്‍ മേഖലകളിലെയും മിനിമം വേതന നിര്‍ണയം സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്.
നിലവിലുള്ള ബോണസ് ആക്ട് പ്രകാരം പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു ബോണസ് നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ കോഡ് ഓണ്‍ വേജസ് അനുസരിച്ച് പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ബോണസ് നല്‍കാന്‍ സര്‍ക്കാരിനുണ്ടായിരുന്ന പ്രത്യേക അധികാരം എടുത്തു കളഞ്ഞു. നിയമം പ്രബല്യത്തില്‍ വരുമ്പോള്‍ നിലവില്‍ ബോണസ് ബാധകമായിരിക്കുന്ന പല സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാകുന്ന സാഹചര്യമുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ 1972 ലെ കേരള ഉപജീവന ബത്ത നല്‍കല്‍ നിയമപ്രകാരം 180 ദിവസത്തിനു ശേഷവും സസ്പെന്‍ഷനില്‍ കഴിയുന്ന ഒരു തൊഴിലാളിക്ക് മുഴുവന്‍ വേതനത്തിനും അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡിലെ വകുപ്പ് 38(3) പ്രകാരം പരമാവധി ലഭിക്കാവുന്ന ഉപജീവന ബത്ത ആകെ വേതനത്തിന്റെ 75 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.
സോഷ്യല്‍ സെക്യൂരിറ്റി കോഡിലും ഒക്കുപേഷണല്‍ സേഫ്റ്റി കോഡിലും തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. ലേബര്‍ കോഡുകളുടെ പരിശോധനാ വേളയില്‍, പാര്‍ലമെന്റിന്റെ ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. തൊഴിലാളി താല്‍പര്യം സംരക്ഷിക്കുന്ന നിര്‍ദേശങ്ങളാണു കേരള സര്‍ക്കാര്‍ നല്‍കിയത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശങ്ങള്‍ പരിമിതപ്പെടുന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
100 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ നിലവിലുള്ള വ്യവസായ തര്‍ക്ക നിയമം അനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു. പുതിയ കോഡുകള്‍ നിലവില്‍ വരുമ്പോള്‍ 300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടാനോ ലേ ഓഫ് ചെയ്യാനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനു 30 ദിവസം മുതല്‍ 90 ദിവസം മുന്‍പു വരെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയിലും വ്യത്യാസം വന്നിട്ടുണ്ട്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന രാജ്യാന്തര തലത്തില്‍ അംഗീകരിച്ച രീതിയാണ് രാജ്യം ഇതുവരെ തുടര്‍ന്നുപോന്നത്. എന്നാല്‍ ഇതിനു കടക വിരുദ്ധമായാണു ജോലി സമയം 12 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്താനുള്ള വ്യവസ്ഥ കോഡിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ കരട് നിയമത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കന്‍മാര്‍, മാനേജ്മെന്റ് പ്രതിനിധികള്‍, നിയമ വിദഗ്ധര്‍, നിയമ വിദ്യാര്‍ഥികള്‍, വിവിധ തൊഴിലാളി ക്ഷേമ ബോര്‍ഡുകളിലെ ചെയര്‍മാന്‍മാര്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ഈ മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നടത്തി. തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിച്ച് അവരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ തൊഴില്‍ കോഡുകള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാകുന്നതിന് വിലങ്ങുതടിയാകുന്നത് തൊഴിലാളികളോ നിയമങ്ങളോ അല്ലെന്നും രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ പ്രശ്നമാണെന്നും ചര്‍ച്ചകളുടെ ക്രോഡീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ച് പാര്‍ലമെന്ററി ലേബര്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. തൊഴില്‍ നിയമങ്ങളിലെ ചട്ടങ്ങള്‍ അനുവദിച്ചു നല്‍കുന്ന അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് നഷ്ടമാകാതിരിക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടത്തിന്റെ ശ്രദ്ധപോകേണ്ടത്. തിരക്കിട്ട് തൊഴില്‍ കോഡുകള്‍ പാസാക്കുന്നതിനു പിന്നില്‍ അസ്വഭാവികതയുണ്ടെന്നും എം.പി പറഞ്ഞു.
തൊഴില്‍ നിയമങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതിനും തൊഴില്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി വകുപ്പ് രൂപീകരിച്ച ‘തൊഴില്‍ സേവാ’ ആപ്പിന്റെയും അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി പുറത്തിറക്കുന്ന ‘കേരള അതിഥി പോര്‍ട്ടലി’ന്റെയും ഉദ്ഘാടനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ടി.വി. അനുപമ, അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ ബിച്ചു ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.