കൊച്ചി: റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇക്കൊല്ലം തെരഞ്ഞെടുക്കപ്പെട്ട, മലയാളി എ ജെ ഷാഹി സംവിധാനം ചെയ്ത ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു. 2017ല്‍ അന്തരിച്ച പദ്മശ്രീ നൈയെര്‍ മസൂദിന്റെ കഥകളിലെ ജീവിത പരിസരങ്ങളിലേക്ക് നടത്തിയ യാത്രയും തുടര്‍ന്നുള്ള സര്‍ഗ്ഗാത്മക നിഗമനങ്ങളുമാണ് തന്റെ ആദ്യ സിനിമയായതെന്ന് കൊല്ലം സ്വദേശി ഷാഹി പറഞ്ഞു.
എഴുത്തുകാരന്റെ കഥകളില്‍ ഉണ്ടായിരുന്ന വീടും ചുറ്റുപാടും അത് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു എന്ന സൂചനയില്‍ നടത്തിയ അന്വേഷണം ലക്‌നോവിലെ അദാബിസ്ഥാനിലേക്കാണ് ഷാഹിയെ എത്തിച്ചത്.
‘അദാബിസ്ഥാന്‍ എന്നാല്‍ അര്‍ത്ഥം, ‘സംസ്‌കാരത്തിന്റെ വീട്’. വലിയൊരു പൈതൃക വീടാണിത്. ഇത് മസൂദിന്റെ എഴുത്തുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നുണ്ട്. മിക്കവാറും ചെറുകഥകള്‍ പരസ്പര ബന്ധിതമാണ്. അതിനു നിമിത്തമാകുന്നതും ഈ ഇടവും കഥാപാത്രങ്ങളും തന്നെ’ ഷാഹി ചൂണ്ടിക്കാട്ടി.മസൂദിന്റെ കഥകളില്‍ പതിഞ്ഞ സ്ഥലി മുദ്രകളുടെ തീരാ പ്രലോഭനത്തില്‍ യാഥാര്‍ഥ ഭൂമികയിലെത്തി ഭാവനയും ഇടകലര്‍ന്ന ഉള്‍ച്ചേര്‍ച്ച ആരായുകയാണ് ഷാഹി സിനിമയില്‍. അന്വേഷണത്തില്‍ സ്പഷ്ടമായ വിടവുകള്‍ വ്യാഖ്യാനങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് സര്‍ഗാത്മകമായി ആവിഷ്‌കരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ശ്രദ്ധേയ പരിണതിയായി ‘ലെറ്റേഴ്‌സ് അണ്‍റിട്ടണ്‍ ടു നൈയെര്‍ മസൂദ്’. ഇംഗ്ലീഷ്,ഹിന്ദി, ഉര്‍ദു, മലയാളം ഭാഷകള്‍ കടന്നുവരുന്ന സിനിമയില്‍ പ്രശസ്തനായ ഭരത് മൂര്‍ത്തിയുടെ അനിമേഷനുകളും ഇല്ലസ്‌ട്രേറ്റര്‍ ഇബ്രാഹിം റായിന്റാക്കാട്ടിന്റെ സംഭാവനകളും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ലഭിച്ച പരിശീലന ഗ്രാന്‍ഡ് ഉപയോഗിച്ചാണ് സിനിമ നിര്‍മ്മിച്ചത്. ഇംഗ്ലീഷ് ബിരുദാനന്ദ ബിരുദമെടുത്തശേഷം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് തിരക്കഥാരചനയും സംവിധാനവും പഠിച്ച ഷാഹി ഇപ്പോള്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.