കോഴ്സിനായി ഐ.എല്‍.ഒസംസ്ഥാന സഹകരണം രാജ്യത്ത് ആദ്യം
12 ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്സ് ഓഗസ്റ്റില്‍ തുടങ്ങും
‘
തിരുവനന്തുരം: സോഷ്യല്‍ ഡയലോഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്’ എന്ന വിഷയത്തില്‍ ഡിപ്ലോമ കോഴ്സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ.എല്‍.ഒ) സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റും (കിലെ) ധാരണാപത്രം ഒപ്പിട്ടു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനവുമായി കോഴ്സ് തുടങ്ങാന്‍ ഐ.എല്‍.ഒ സഹകരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ഒപ്പിട്ട ധാരണാപത്രം സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും ഐ.എല്‍.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ സതോഷി സസാകിയും പരസ്പരം കൈമാറി. ഐ.എല്‍.ഒയുടെ പഠന, പരിശീലന വിഭാഗമായ ഇന്റര്‍നാഷനല്‍ ട്രെയിനിംഗ് സെന്ററുമായി (ഐ.ടി.സി) ചേര്‍ന്ന് നടത്തുന്ന 12 ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ആദ്യ ബാച്ച് ഓഗസ്റ്റില്‍ തുടങ്ങും.
ഓണ്‍ലൈനായും ഓഫ്ലൈനായും ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന കോഴ്സിന് 30 സീറ്റുകളാണുള്ളത്. ഓഫ്ലൈന് പഠനകേന്ദ്രം തിരുവനന്തപുരത്തെ കിലെ ക്യാമ്പസ് ആയിരിക്കും. അന്താരാഷ്ട്ര തൊഴില്‍ സംഘടന സ്പോണ്സര് ചെയ്യുന്ന ആദ്യ ബാച്ച് സൗജന്യമാണ്.
സോഷ്യല്‍ ഡയലോഗ്, കലക്ടീവ് ബാര്‍ഗെയിനിംഗ് എന്നിങ്ങനെ മാറിയ ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായിട്ടാണ് കോഴ്സ് സിലബസ് രൂപകല്പന ചെയ്തിരിക്കുന്നത്.
സിലബസിലെ ഇന്ത്യന്‍ ഭാഗം കിലെയും അന്താരാഷ്ട്ര ഭാഗം ഐ.എല്‍.ഒയും ആണ് തയാറാക്കിയിട്ടുള്ളത്. കിലെയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് കോഴ്സ് തുടങ്ങുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
വ്യവസായ ബന്ധം ശക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ കോഴ്സ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് ഇത്തരമൊരു കോഴ്സ് തുടങ്ങുന്നതിലൂടെ വ്യക്തമാകുന്നത്.
കേരളത്തെ തൊഴില്‍മേഖലയെ മൊത്തത്തില്‍ ഗുണപരമായി കോഴ്സ് സ്വാധീനിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നൈപുണ്യമുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കല്‍, കേരളത്തിലെ തൊഴില്‍ സംസ്കാരം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കല്‍, ജോലി സ്ഥലത്തെ തൊഴില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയും ഈ ഡിപ്ലോമ കോഴ്സിന്റെ ഉദ്ദേശ്യങ്ങളാണ്. കോഴ്സിന്റെ യോഗ്യത പ്ലസ്ടു ആയിരിക്കും. എച്ച്.ആര്, തൊഴില്‍ രംഗത്തെ ഉദ്യോഗസ്ഥര്‍, നിയമ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും പുതിയ കോഴ്സ്.
പരിപാടിയില്‍ സംസാരിച്ച സതോഷി സസാകി തൊഴില്‍ മേഖലയില്‍ കേരളം നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കിലെ ചെയര്മാന് കെ.എന്‍ ഗോപിനാഥ്, തൊഴില്‍ സെക്രട്ടറി അജിത് കുമാര്‍, കിലെ റിസര്‍ച്ച് കോര്‍ കമ്മിറ്റി ചെയര്മാന് പ്രൊഫ എസ്.കെ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഐ.ടി.സി യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിസപ്പ് സെഫോള ഓണ്‍ലൈനായി പങ്കെടുത്തു. എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടര്‍ വീണ എന്‍ മാധവന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ രവി രാമന്, കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് തുടങ്ങിയവരും പങ്കെടുത്തു.