മന്ത്രിയുടെ ഗൃഹപ്രവേശനത്തിന് കാടിന്റ മക്കള്‍ അതിഥികള്‍
തിരുവനന്തപുരം: മക്കളുവളര്‍ത്തി എന്നത് കാടിന്റെ മക്കള്‍ കൃഷി ചെയ്യുന്ന ഒരു ഇനം കൈതച്ചക്കയുടെ പേരാണ്. ‘കൂന്താണി’ എന്നാണ് ഈ കൈതച്ചക്ക പ്രധാനമായും അറിയപ്പെടുന്നത്. ഒരു ചുവട്ടില്‍ നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെചുറ്റി നാലും അഞ്ചും ചെറുചക്കകളും. ഒരു ചക്കയെചുറ്റി അതിന്റെ മക്കള്‍ എന്ന വിധത്തില്‍ ചുറ്റും ചെറുചക്കകള്‍ കൂടി പിടിക്കുന്നതുകൊണ്ടാണ് അവരിതിന് ‘മക്കളുവളര്‍ത്തി’ എന്ന ഓമനപ്പേര് നല്‍കിയിരിക്കുന്നത്. വിതുര ഗോത്രവര്‍ഗ്ഗ കോളനിയായ മണിതൂക്കിയിലെ കര്‍ഷകരാണ് പ്രധാനകര്‍ഷക ‘പരപ്പി’യുടെ നേതൃത്വത്തില്‍ മക്കളുവളര്‍ത്തി കൈതച്ചക്കയും, ഒപ്പം വിവിധ കാര്‍ഷിക വിഭവങ്ങളായ ചീര, വരിക്കച്ചക്ക, കരിങ്കദളിപ്പഴം, ഈറ്റ വടികള്‍ എന്നിവയുമായി കൃഷി മന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയായ ലിന്തേര്സ്റ്റില് ആദ്യദിനം തന്നെ വിരുന്നുകാരായെത്തിയത്. പരപ്പിയുടെ മകന് ഗംഗാധരന് കാണി, മരുമകള്‍ അന്പുമോള്, അന്പുമോളുടെ മാതാവ് മാത്തി, ചെറുമക്കളായ മഹര്‍ഷ്. ജി. എ കാണി, അഗസ്ത്യന്. ജി.എ കാണി, മയൂഖ്. ജി. എ. കാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പരുത്തിപ്പളളി റേഞ്ചിലെ ആര് ആര് റ്റി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറാണ് ഗംഗാധരന് കാണി. കൂന്താണി പൈനാപ്പിളിന്റെ സവിശേഷതകള്‍ പരപ്പി കൃഷിമന്ത്രിക്കു വിശദീകരിച്ചു. 30 വര്‍ഷമായി തങ്ങള്‍ കൃഷി ചെയ്യുന്ന ഇനമാണ് കൂന്താണി പൈനാപ്പിള്‍. പുറംതൊലിയില്‍ അധികം മുളളുകളില്ല. നല്ല കൂര്‍ത്ത് മുകളിലേക്ക് പോകുന്ന പ്രധാന ചക്കയാണ് ഇതിന്റ ആകര്‍ഷകം. സാധാരണയായി കൃഷി ചെയ്യുന്ന ഇനത്തിനെ അപേക്ഷിച്ച് വ്യത്യസ്തമായ സ്വാദാണിതിനുളളത്. കോളനി പ്രദേശത്തെ മക്കളുവളര്‍ത്തി ചക്ക ഉള്‍പ്പെടെ മറ്റു തനത് കാര്‍ഷിക വിളകളെക്കുറിച്ച് വിശദമായ പഠനം നടത്തുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. കൈതച്ചക്ക കൂടാതെ വിശേഷ ഇനത്തില്‍പ്പെട്ട നിരവധി ഭക്ഷ്യവിഭവങ്ങള്‍ അവര്‍ കൃഷി ചെയ്യുന്നുമുണ്ട്. കാട്ടുകാച്ചില്‍, വിവിധ ഇനം മരച്ചീനി, മധുരക്കിഴങ്ങ്, കോട്ടാന്‍ കത്തിരി, മുളളന്‍ പുറുത്തിയടക്കം വിവിധ വിഭവങ്ങള്‍. ഈ വിഭവങ്ങളുടെ പൈതൃകാവകാശം പ്രസ്തുത ഗോത്രവര്‍ഗ്ഗത്തിനു തന്നെ സ്വന്തമാക്കി നല്കുന്ന കാര്യത്തിലും നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്കി.