സര്‍ക്കാര്‍ മേഖലയില്‍ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട്

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം
തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ ഏറെ പണച്ചെലവുള്ള അത്യാധുനിക ത്വക് രോഗ ചികിത്സാ രീതികള്‍ നാട്ടിലെ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വല്‍റ്റി ബ്ലോക്കിന്റെ രണ്ടാം നിലയില്‍ 925.36 ചതുരശ്ര അടിയിലാണ് ഡെര്‍മറ്റോളജി എസ്തറ്റിക് സ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്യൂട്ട് സജ്ജമാക്കിയത്. സ്വീകരണമുറി, പരിശോധനാമുറി, 3 ചികിത്സാ മുറികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമുള്ള ഡ്രെസിംഗ് റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ചികിത്സാ മുറികളില്‍ ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനങ്ങള്‍, സ്‌റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയുമുണ്ട്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന നിറഭേദങ്ങള്‍, മുറിപ്പാടുകള്‍, മറ്റു കലകള്‍, മറുകുകള്‍ തുടങ്ങി വൈരൂപ്യം ഉണ്ടാക്കുന്ന വിവിധ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സാ രീതികളായ ലേസര്‍, കെമിക്കല്‍ പീലിംഗ്, മൈക്രോ ഡെര്‍മാബ്രേഷന്‍ തുടങ്ങിയവ ഉപയോഗിച്ച് പരിഹാരം നല്‍കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇത്തരം ചികിത്സകള്‍ പല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാണെങ്കിലും ഇവയെ ഏകോപിപ്പിച്ച് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് തയ്യാറാക്കുന്നത് സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യമായാണ്.