ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചേര്‍ത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ 60 ശതമാനത്തിന് മുകളിള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ചേര്‍ത്തല ആശുപത്രിയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചു മികച്ച ആശുപത്രിയായി മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നഗരാരോഗ്യ കേന്ദ്രങ്ങളില്‍ എല്ലാ സേവനങ്ങളും പൂര്‍ണമായും സൗജന്യമാണ്. പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതല്‍ ശാക്തീകരിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക, സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗര ആരോഗ്യ കേന്ദ്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി. എസ് അജയകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, ഏലിക്കുട്ടി ജോണ്‍, മുനിസിപ്പല്‍ സെക്രട്ടറി ടി. കെ സുജിത്ത്, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. ആര്‍ രാധാകൃഷ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഡീവര്‍ പ്രഹ്ലാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.