കൊച്ചി: ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദര്‍ശനത്തില്‍ വിഖ്യാത ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍ വില്യം കെന്‍ട്രിഡ്ജ് ഒരുക്കിയ പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) അധിനിവേശ രാജ്യങ്ങളിലെ ജീവിതത്തോടും സംസ്‌കാരത്തോടും വിമര്‍ശനാത്മക സംവാദത്തിനു കലാസ്വാദകരെ ക്ഷണിക്കുന്നു.
കലാകാരന്‍ എന്ന നിലയ്ക്ക് തനിക്ക് തന്റേതായ കാഴ്ചപ്പാടും നിലപാടുമുണ്ട്. അവയോട് ആസ്വാദകര്‍ക്ക് യോജിക്കാം യോജിക്കാതിരിക്കാം. പക്ഷെ സംവാദത്തിന് ഇടമുണ്ടെന്ന് വ്യക്തമാക്കുന്ന കെന്‍ട്രിഡ്ജിന്റെ ‘ഓ റ്റു ബിലീവ് ഇന്‍ എ ബെറ്റര്‍ വേള്‍ഡ്’ എന്ന പ്രതിഷ്ഠാപനം മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രകടനാത്മക കലയുടെയും ചലച്ചിത്രത്തിന്റെയും സാധ്യതകള്‍ ആധാരമാക്കിയ പ്രതിഷ്ഠാപനം പേര് സാര്‍ത്ഥകമാക്കിക്കൊണ്ട് ഉട്ടോപ്യ എന്ന ആശയത്തെയും അത് സാക്ഷാത്കരിക്കാന്‍ നടത്തുന്ന വ്യര്‍ത്ഥ കഷ്ടപ്പാടുകളെയും ധ്വനിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ കല സാഹിത്യ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ഞെരുക്കങ്ങളും അരികുവത്കരണവും അടിച്ചമര്‍ത്തലും മറ്റെവിടെയും സമകാലത്ത് പ്രസക്തമാമെന്ന് ആനിമേറ്റര്‍, ചലച്ചിത്ര സംവിധായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ കെന്‍ട്രിഡ്ജ് അഭിപ്രായപ്പെടുന്നു.
സര്‍ഗാത്മക നിര്‍മ്മിതിയുടെ കലാപരീക്ഷണങ്ങളില്‍ തത്പരനായ താന്‍ ചലച്ചിത്രമൊരുക്കാന്‍ നിരന്തരം പുതുവഴികഴികളാണ് തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിത തിയേറ്റര്‍,പാവകളി, സ്‌റ്റോപ്പ് ഫ്രെയിം ആനിമേഷന്‍, കൊളാഷ്, ചിത്രകമ്പളം തുടങ്ങിയ സങ്കേതങ്ങള്‍ കലാവതരണത്തിന് ഉപയോഗിക്കുന്നു.
ബഹുമുഖ പ്രതിഭയ്ക്ക് അംഗീകാരമായി പ്രിന്‍സസ് ഓഫ് ഓസ്ട്രിയാസ് കലാപുരസ്‌കാരം ഉള്‍പ്പെടെ അന്തരാഷ്ട്ര ബഹുമതികള്‍ വില്യം കെന്‍ട്രിഡ്ജ് എന്ന 67കാരനെ തേടിയെത്തിയിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി കൊച്ചിന്‍ ക്ലബ്ബില്‍ വില്യം കെന്‍ട്രിഡ്ജിന്റെ ‘ഉര്‍സൊണേറ്റ്’ മള്‍ട്ടിമീഡിയ അവതരണവും നടന്നു. നടനും സംവിധായകനും എന്ന നിലകളില്‍ അദ്ദേഹത്തിന്റെ വൈഭവം പ്രകടമാക്കുന്നതായി ഉര്‍സൊണേറ്റ്.