തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സര്‍വേ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങള്‍ക്കായി ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയോജനങ്ങളെ പരിപാലിക്കുന്ന കെയര്‍ ഗിവര്‍മാര്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കെയര്‍ഗിവര്‍മാര്‍ക്കായി വ്യവസ്ഥാപിത നിയമം തയ്യാറാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്നതിനായി പല തദ്ദേശസ്ഥാപനങ്ങളിലും വയോജന കഌബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ കേരളം മുഴുവന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ചായ കുടിച്ച് ഗഌസ് വലിച്ചെറിയുന്നതു പോലെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള വയോജനങ്ങളെ വലിച്ചെറിയുന്ന പ്രവണത സമൂഹത്തില്‍ ശക്തിപ്പെടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. മാനവികമായ ആര്‍ദ്രതയും സ്‌നേഹവും ഹൃദയൈക്യവും ക്ഷയിച്ചു വരുന്ന കാലമാണിത്.
കേരളത്തില്‍ സര്‍ക്കാരിന് കീഴിലുള്ള 16 വയോജന ഹോമുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ മാതൃകാ ഭവനം ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വയോജന സേവനവും പദ്ധതികളും ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകം മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇതോടൊപ്പം വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണിരാജു അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ, ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. മിനി സുകുമാര്‍, തിരുവനന്തപുരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എന്‍. അലി അബ്ദുള്ള, അമരവിള രാമകൃഷ്ണന്‍, ഡോ. അന്‍സാര്‍, വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വയോജനങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.