മുതിര്‍ന്നവരെ ബഹുമാനിക്കാനും സഹായിക്കാനും യുവതലമുറയ്ക്ക് ബോധവത്കരണം നല്‍കണം

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളില്‍ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികള്‍ക്കും ബോധവത്കരണം നല്‍കേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്നു പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന അവാര്‍ഡ് സമര്‍പ്പണവും വയോജന സര്‍വെ റിപ്പോര്‍ട്ടിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ 2021-ലെ വയോസേവന ആജീവനാന്ത നേട്ടം പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക് മന്ത്രി സമ്മാനിച്ചു. നാടക പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം നിലമ്പൂര്‍ ഐഷയ്ക്കും, കായിക താരത്തിനുള്ള പുരസ്‌കാരം രാജം ഗോപിക്കും, തങ്കമ്മ വി.കെയ്ക്കും ലഭിച്ചു. സാമൂഹിക ,സാംസ്‌കാരിക, കലാരംഗത്തെ മികവിനുള്ള പുരസ്‌കാരം ഉസ്താദ് ഹസ്സന്‍ ഭായിക്കും, ആര്‍.സി കരിപ്പത്തിനും മന്ത്രി സമ്മാനിച്ചു.
വയോജന സേവനരംഗത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം സ്വന്തമാക്കിയപ്പോള്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി മാനന്തവാടിയും, ഗ്രാമ പഞ്ചായത്തായി അരിമ്പൂര്‍ പഞ്ചായത്തും തെരഞ്ഞെടുക്കപ്പെട്ടു. മെയിന്റനസ് ട്രൈബ്യൂണലിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട മെയിന്റനസ് ട്രൈബ്യൂണലിന് ലഭിച്ചു. തിരുവനന്തപുരത്തെ പുലയനാര്‍കോട്ടയിലുള്ള കെയര്‍ ഹോം മികച്ച സര്‍ക്കാര്‍ വൃദ്ധ സദനമായി തെരഞ്ഞെടുക്കപ്പെട്ടു.ഗില്‍ ഗാല്‍ ആശ്വാസഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 2021ലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരവും നേടി.
കോവിഡ് ബാധിച്ച വയോജനങ്ങള്‍ക്കിടയില്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം നടത്തിയ ‘ഉദ്‌ബോധ്’ സര്‍െവയില്‍ ഏകദേശം 2 ലക്ഷത്തിലേറെ മുതിര്‍ന്ന പൗരന്‍മാരെ നേരിട്ട് കണ്ട് വിവര ശേഖരം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷെറിന്‍ എം.എല്‍, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എം.അഞ്ജന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.