തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാന്‍ കേരളം സന്ദര്‍ശിച്ച് ബിഹാര്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം. ‘ നോ ടു ഡ്രഗ്‌സ് ‘ മുദ്രാവാക്യമുയര്‍ത്തി കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്. കെമിക്കല്‍ എക്‌സാമിനര്‍ സുബോധ് കുമാര്‍ യാദവ് തലവനും രാജ് പാണ്ഡേ, അഭിനവ് ആശേഷ് എന്നിവര്‍ അംഗങ്ങളായുള്ള സംഘം രണ്ട് ദിവസം വിമുക്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനായി ചെലവഴിച്ചു. സംഘം എക്‌സൈസ് ആസ്ഥാനത്തെത്തി അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ രാജീവ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗോപകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ലഹരിക്കെതിരെ കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. നോ ടു ഡ്രഗ്‌സ് മുദ്രാവാക്യമുയര്‍ത്തി നടത്തിയ ജനകീയ ക്യാമ്പയിന്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിമുക്തി മാതൃകയില്‍ ബിഹാറിലും വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാകുമെന്നും സംഘം അഭിപ്രായപ്പെട്ടു.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ജില്ലാ ഡീ അഡിക്ഷന്‍ സെന്റര്‍ സംഘം സന്ദര്‍ശിച്ചു. ആദിവാസി മേഖലയിലെ വിമുക്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പൊടിയക്കാല പ്രദേശത്തെ പഠന മുറിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംഘം പങ്കെടുത്തു. കുട്ടികളും മാതാപിതാക്കളും അടക്കമുള്ളവരോട് സംവദിച്ചു. കുട്ടികള്‍ക്കായി ക്യാരംസ് ബോര്‍ഡ്, ബാഡ്മിന്റണ്‍ ബാറ്റുകള്‍ എന്നിവ സമ്മാനിച്ചു. താഴേത്തട്ടിലുള്ള വിമുക്തി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ആസ്ഥാനം സന്ദര്‍ശിച്ച് സാമ്പിളുകളുടെ പരിശോധന, ലാബിന്റെ പ്രവര്‍ത്തനം എന്നിവയും സംഘം മനസിലാക്കി