തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകള്‍ കുറക്കുമെന്നും സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാജോര്‍ജ് അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നത്. ക്രമേണ പൊതു സ്വകാര്യ ഇടങ്ങളില്‍ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
പദ്ധതി നടത്തിപ്പിനായി നിലവില്‍ അറുപത്തി രണ്ടര കോടി രൂപ ഗവണ്മെന്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയുണ്ടെന്നും മന്ത്രി അറിയിച്ചു.
മുലയൂട്ടല്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കെ.എസ്.ആര്.ടി.സിയും നടത്തുന്ന സംയുക്ത പ്രചാരണത്തിന്റെ ഭാഗമായ ആദ്യ ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങും മന്ത്രി നിര്‍വഹിച്ചു. പി.എസ്.സി ചെയര്മാന് എം.കെ.സക്കീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക ജി. സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.കെ.സുരേഷ്കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എസ്.സബീന ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.