സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നു:കാനം രാജേന്ദ്രന്‍

വിജിലന്‍സ് നേതൃത്വം സ്വീകരിച്ച ചില നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൊട്ടബുദ്ധിയില്‍ ഉദിച്ച കാര്യമാണ്. അതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവന്നു.
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആരെയും ഉപയോഗിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കാനം പറഞ്ഞു. ഇന്ത്യയില്‍ ഇത്തരമൊരു ബദല്‍ സര്‍ക്കാര്‍ കേരളത്തിലേ ഉള്ളു. അതിനെ ആരെ എങ്ങനെയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തി ശിഥിലമാക്കാനാണ് ശ്രമമെന്നും സിപിഐ അരുവിപ്പുറം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് കാനം പറഞ്ഞു.
കുറ്റാരോപിതയുടെ ആരോപണങ്ങള്‍ക്കുശേഷം വിജിലന്‍സ് നേതൃത്വം സ്വീകരിച്ച ചില നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെ ഏതെങ്കിലും രാഷ്ട്രീയതലത്തില്‍ ആലോചിച്ച് തീരുമാനിച്ച നടപടിയായില്ല. ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പൊട്ടബുദ്ധിയില്‍ ഉദിച്ച കാര്യമാണ്. അതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവന്നു. ആ സാഹചര്യത്തിലാണ് വിജിലന്‍സ് മേധാവിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഇതില്‍ വലിയ ആക്ഷേപത്തിന്റെ കാര്യമില്ല. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടിവരും. കുറ്റാരോപിതയുടെ വാക്കുകളാണ് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നത്. അതിന് താന്‍ അത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നും കാനം പറഞ്ഞു.