തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
സംസ്ഥാനസർക്കാർ പുറത്തിറക്കിയ ചികിത്സാ നിരക്കുകൾ ഏകീകരിച്ച ഉത്തരവ് എല്ലാ ആശുപത്രികളും കൃത്യമായി നടപ്പാക്കണം. അങ്ങനെ നടപ്പാക്കിയെന്ന് സർക്കാരും ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പിപിഇ കിറ്റുകളുടെ പേരിലുള്ള കൊള്ളയടക്കമുള്ള വിവിധ റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്തുവിട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
സ്വകാര്യ ആശുപത്രികൾ മരുന്നിനും കൊവിഡ് ചികിത്സാ വസ്തുക്കൾക്കും അമിത നിരക്ക് ഒരു കാരണവശാലും ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. വാർഡുകളിൽ പൊതുവായി ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകളുടെ നിരക്ക് രോഗികളിൽ നിന്ന് തുല്യമായി ഈടാക്കണം. ഓരോ രോഗിയിൽ നിന്നും പ്രത്യേകം ഈടാക്കരുതെന്നും കോടതി നിർദേശിക്കുന്നു.
അതേസമയം, മഹാമാരിയുടെ സ്ഥിതി കണക്കിലെടുത്ത് ആശുപത്രികൾക്ക് വൈദ്യുതി, ജല നിരക്കുകളിൽ ഇളവുകൾ നൽകണോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്നും, ഇക്കാര്യമാവശ്യപ്പെട്ട് ആശുപത്രികൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.