തിരുവനന്തപുരം : ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്‍ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരേണ്ടതുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. അവിടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും.ചില മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയം ആക്കണം. ഇതിന് പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഇടപെടണം.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ട്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്‌സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്‍, ഇവരും രോഗവാഹകരാകാം. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല്‍ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാം. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വര്‍ദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണിത്.
രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.