തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം. 5 ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സ്റ്റോക്ക് കുറവാണെന്നതിനാൽ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷൻ ക്യാന്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന് നടത്തുന്നില്ല.സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള വാക്സീൻ തീരും വരെ കുത്തിവയ്പ് നല്‍കാനാണ് തീരുമാനം. സ്വകാര്യ മേഖലയിലും വാക്സീൻ നൽകുന്നില്ല.
ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും വാക്സീൻ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. രണ്ടാം ഘട്ട വാക്സീൻ നിശ്ചിത സമയപരിധിക്കുള്ളിൽ എടുക്കണമെന്നിരിക്കെ ഭൂരിഭാഗത്തിനും വാക്സീൻ ലഭിക്കുന്നില്ലെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 50 ലക്ഷം വാക്സീൻ കൂടി അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.
വാക്സീൻ ക്ഷാമം രൂക്ഷമാണെന്നും 15 ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നാണ് കേന്ദത്തിൽ നിന്നും ലഭിക്കുന്ന വിവരമെന്ന് സാമൂഹിക സുരക്ഷാ മിഷൻ ജയറക്ടർ മുഹമ്മദ് അഷീൻ പ്രതികരിച്ചു.
മെയ് ആദ്യം മുതൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകിത്തുടങ്ങാനാണ് നിർദ്ദേശം. നാളെത്തോടെ കുറച്ച് കൂടി വാക്സീൻ എത്തുമെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലത്തും തിരുവനന്തപുരത്തുമാണ് വാക്സീൻ ക്ഷാമം കൂടുതൽ രൂക്ഷമായത്. 1500 ഡോസ് കൊവീഷീൽഡാണ് തലസ്ഥാനത്ത് നിലവിൽ ബാക്കിയുള്ളത്. പലയിടത്തും വാക്സിനേഷന്‍ മുടങ്ങി.ഏതാനും ചില വാർഡുകളിൽ മാത്രമാണ് വാക്സീനേഷൻ നടന്നത് .
. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സീൻ വിതരണം മുടങ്ങിയിരിക്കുകയാണ്. സ്റ്റോക്ക് തീർന്നതിനാൽ പലരേയും മടക്കി അയക്കുന്ന കാഴ്ചയാണ് ക്യാപുകളിൽ കാണുന്നത്.
കൊല്ലത്ത് വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നു. 10,000 ഡോസ് ഇന്നലെ വന്നെങ്കിലും അതും പൂർണമായും തീർന്നതോടെയാണ് പ്രതിസന്ധിയായത്. രണ്ടാഘട്ട വാക്സീൻ എടുക്കേണ്ടവർക്ക് ലഭിക്കുന്നില്ലെന്നതാണ് ഇവിടെയും ഏറെ ആശങ്കയുണ്ടാക്കുന്നത്.
കോഴിക്കോട് ജില്ലയിൽ പല വാക്സിൻ കേന്ദ്രങ്ങളിൽ നിന്നും ആളുകൾ മടങ്ങി പോകുന്ന കാഴ്ചയാണുള്ളത്. ഒരു ദിവസം 100 ടോക്കൺ മാത്രമേ കൊടുക്കു എന്ന നിലപാടിലാണ് അധികൃതർ. പല വാക്സീൻ കേന്ദ്രങ്ങളിലും രാവിലെ തന്നെ 100 ടോക്കൺ കഴിഞ്ഞു.
കോട്ടയത്ത് വാക്സീൻ കേന്ദ്രങ്ങളിൽ പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 8 മെഗാ ക്യാമ്പുകളാണ് നടക്കുന്നത്. പലയിടത്തും തിക്കും തിരക്കും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലാണുള്ളതെന്നതാണ് ഇവിടെ ആശങ്കയാകുന്നത്. എറണാകുളത്ത് 113 കേന്ദ്രത്തിൽ വാക്സീനേഷൻ ഇന്ന് നടക്കുന്നുണ്ട്. പുതിയ വാക്സീൻ എത്തിയതോടെ കഴിഞ്ഞ ദിവസത്തെ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ ജില്ലയിൽ ഇന്ന് മെഗാക്യാമ്പുകൾ ഇല്ല.