പാല്‍ സംഭരണ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം: മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ പാല്‍ സംഭരണം ഊര്‍ജ്ജിതമായി നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അധികമായി സംഭരിക്കുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി.

തിരുവനന്തപുരം : കോവിഡും ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പാല്‍ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തിര യോഗം വിളിച്ചു.
സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ പാല്‍ സംഭരണം ഊര്‍ജ്ജിതമായി നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. അധികമായി സംഭരിക്കുന്ന പാല്‍ അംഗനവാടികള്‍, ഡൊമിസിലിയറി കെയര്‍ സെന്റര്‍, കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, ആദിവാസി കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി. കൂടുതല്‍ പാല്‍ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്.
നിലവില്‍ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുന്‍പ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം. തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണെന്നും അതിനുള്ള നടപടികള്‍ക്ക് തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 മൂലം പല സംസ്ഥാനങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാലിന്റെ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായി. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കേണ്ടിവന്നു. സാധാരണയായി ഇത്തരത്തില്‍ സംഭരിക്കുന്നപാല്‍ മിച്ചംവന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ തിമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലുള്ള പാല്‍പ്പൊടി ഫാക്ടറികളില്‍ എത്തിച്ച് പൊടിയാക്കി മാറ്റുകയാണ് പതിവ്. എന്നാല്‍, കോവിഡ് പ്രതിസന്ധി മൂലം മറ്റു സ്ഥാനങ്ങളിലും പാല്‍ അധികമായി ശേഖരിക്കേണ്ട അവസ്ഥയുണ്ടായി. ഇതാണ് സംസ്ഥാനത്തെ പാല്‍ സംഭരണം പ്രതിസന്ധിയിലെത്തിച്ചതെന്ന് യോഗം വിലയിരുത്തി.മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാള്‍, മില്‍മ മാനേജിംങ് ഡയറക്ടര്‍ സൂരജ് പാട്ടീല്‍, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു