ക്ഷാമബത്ത ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ് ഉടന്‍ അനുവദിക്കണം
പതിനായിരക്കണക്കിന് തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം
-കെ. സുധാകരന്
തിരുവനന്തപുരം : വിലക്കയറ്റം കൊടികുത്തി വാഴുന്ന കേരളത്തില്‍ ജീവനക്കാരന്റെ കുടിശ്ശികയായ 11% ക്ഷാമബത്തയും ലീവ് സറണ്ടറും ഉള്‍പ്പെടെ തടഞ്ഞുവയ്ക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടു. ഇത് ജീവനക്കാരുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. കേരള എന്‍.ജി.ഒ അസോസിയേഷന് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പോരാടുന്നത് അവരെ പണിമുടക്കിലേയ്ക്ക് തള്ളിവിടരുത്. നിരന്തരം ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്. ജീവനക്കാരെല്ലാം അസംതൃപ്തരാണ്. അസംതൃപ്തരായ ജീവനക്കാര്‍ സിവില്‍ സര്‍വ്വീസിന്റെ ശോഭ കെടുത്തും.
സര്‍ക്കാര്‍ ജീവനക്കാര്‍ ഗവണ്മെന്റിന്റെ ഭരണചക്രം തിരിക്കുന്നവരാണ്. അവരുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.
അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിയ ഭരണമാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. പിന്‍വാതില്‍ നിയമനങ്ങളുടെ നെറികെട്ട കഥകളാണ് എവിടെയും കേള്‍ക്കുന്നത്. തിരുവനന്തപുരം നഗരസഭയിയലെ കത്ത് വിവാദം ഈ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെയാണ് തുറന്നു കാട്ടിയത്. ഏകാധിപതികളെപ്പോലെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കളക്കും സര്‍ക്കാര്‍ ജോലി വീതം വച്ച് നല്‍കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ 2021 ജനുവരി മുതലുള്ള 11% ക്ഷാമബത്തയാണ് കുടിശ്ശികയായിരിക്കുന്നത്. ലീവ് സറണ്ടര്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടിട്ട് മൂന്നു വര്‍ഷമായി. ഭവന വായ്പയാകട്ടെ ബാങ്കികള്ക്ക് കൈമാറിക്കഴിഞ്ഞു. സര്‍ക്കാര്‍ വിഹിതവും ആവശ്യത്തിന് ആശുപത്രികളും ഇല്ലാതെ മെഡിസെപ്പ് നോക്കുകുത്തിയായി മാറി.അവകാശങ്ങള്‍ ചോദിക്കുന്നവരെ പൊതുജനമധ്യത്തില്‍ താറടിച്ച് കാണിച്ച് ഫാസിസ്റ്റ് ശൈലിയില്‍ ഭരണം നടത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.
തൊഴിലാളി-വര്‍ഗ്ഗ സര്‍ക്കാരെന്ന് മേനി പറയുകയും തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുകയുമാണ് ഈ സര്‍ക്കാര്‍. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിനു യുവാക്കളെ തെരുവിലിറക്കി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്കുന്ന നെറികെട്ട നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ പൊയ്മുഖം ജനമധ്യത്തില്‍ അഴിഞ്ഞു വീണ കാഴ്ചയാണ് തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ കണ്ടത്. പാര്‍ട്ടി സെക്രട്ടറി നിയമനം നടത്തുന്ന നാട്ടില്‍ ജനാധിപത്യം വെറും വാചക കസര്‍ത്ത് മാത്രമായി മാറുകയാണ്.
ഒരു തലമുറയുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തെ ഈ ഭരണം തച്ചുടയ്ക്കുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിയമനം കാത്തു കിടക്കുന്നവര്‍ നിരാശരായി മടങ്ങുമ്പോള്‍ പാര്‍ട്ടി ബന്ധുക്കള്‍ ജോലി കിട്ടിയത് ആഘോഷിക്കുകയാണ്.
എല്ലാ വകുപ്പിലും തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണ്. കരാര്‍ നിയമനം നടത്താനായി പതിനായിരക്കണക്കിന് തസ്തികകളാണ് ഇല്ലാതാക്കുന്നത്.
നിലവിലുള്ള ജീവനക്കാര്‍ പെന്ഷന് പറ്റി പിരിയുന്ന തസ്തിക പോലും പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നില്ല.
ട്രഷറിത്തട്ടിപ്പും, പ്രളയ ഫണ്ട് തട്ടിപ്പുമൊക്കെ വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ഒരിക്കലും നടക്കാത്ത പദ്ധതികളുടെ പേരില്‍ കോടികളാണ് വെട്ടി നിരത്തുന്നത്. കെ-റെയിലും കെ-ഫോണുമൊക്കെ അഴിമതിക്കുള്ള കിളിവാതിലുകള്‍ മാത്രമാണ്. തൊഴില്‍ തേടി യുവാക്കള്‍ മുട്ടിലിഴയുന്ന കാലത്ത് സിവില്‍ സര്‍വ്വീസിനെ കച്ചവടച്ചരക്കാക്കുകയാണ്. സര്‍വ്വത്ര അഴിമതിയില്‍ കുളിച്ച ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന പൊതുജനാഭിപ്രായം ശരിവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പി.എസ്.സിയേയും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്ക് നിയമനം നല്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം. പാര്‍ശ്വവര്‍ത്തികള്‍ക്ക് ജോലിയും പണവും നല്കി സര്‍ക്കാര്‍ പൊതു സമൂഹത്തെ ഒന്നടങ്കം വഞ്ചിക്കുകയാണ്.
എല്ലാ വകുപ്പിലും തസ്തികകള്‍ ഇല്ലാതാക്കുകയാണ്.
പതിനായിരക്കണിക്കിന് തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു. വെട്ടിനിരത്തുന്ന തസ്തികകള്‍ക്കു പകരം കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുകയാണ്. യുവജനതയുടെ സ്വപ്നങ്ങളാണ് ഈ നടപടികളിലൂടെ തകര്‍ത്തെറിയുന്നത്.
വിലക്കയറ്റം എല്ലാ മേഖലയേയും തകര്‍ത്തിരിക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും പാചക വാതകത്തിനും, പെട്രോളിനും, ഡീസലിനുമൊക്കെ പിടിച്ചാല്‍ കിട്ടാത്ത വിലയായിക്കഴിഞ്ഞു. വിലക്കയറ്റത്തെ നേരിടാന്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
വിലക്കയറ്റം സമീകരിക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ക്ഷമാബത്ത 4 ഗഡു (11%) കുടിശ്ശികയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്തു കഴിഞ്ഞു. ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചിട്ട് മൂന്നു വര്‍ഷമായി. എച്ച്.ബി.എ പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് കൊള്ളപ്പലിശയ്ക്ക് കൈമാറിക്കഴിഞ്ഞു. സി.സി.എ യും ഏകപക്ഷീയമായി നിര്‍ത്തലാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് അട്ടിമറിച്ചു. ക്യാഷലെസ് ട്രീറ്റ്മെന്റ് എന്നതായിരുന്നു മെഡിസെപ്പിന്റെ അടിസ്ഥാന ശില. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പരിപാലനം തൊഴില്‍ദാതാവ് എന്ന നിലയില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സര്‍ക്കാര്‍ വിഹിതം ഇല്ല എന്നു മാത്രമല്ല വര്‍ഷം തോറും ജീവനക്കാരില്‍ നിന്നും പ്രീമിയം ഇനത്തില്‍ ഇടാക്കുന്ന ആറായിരം രൂപയില്‍ ജി.എസ്.ടി ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് ലഭിക്കുന്നു. പ്രധാനപ്പെട്ട ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
2016 ല്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പ്രകടന പത്രികയിലൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി വോട്ടു നേടി അധികാരത്തിലെത്തുകയും തുടര്‍ഭരണം ലഭിക്കുകയും ചെയതിട്ടും നാളിതുവരെ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമിച്ച കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളും പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നു.
പതിറ്റാണ്ടുകളായി കേരളം കൈവരിച്ച നേട്ടങ്ങളെ തമസ്ക്കരിക്കുന്ന പ്രവര്‍ത്തനമാണ് ഇടതു സര്‍ക്കരിന്റേത്.
വികസനമെന്നത് മരീചികയായി മാറിയിരിക്കുന്നു. വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ ആത്മഹത്യാകുറിപ്പും കയ്യില്‍ കരുതി വരേണ്ട സാഹചര്യമാണ്.
കടമെടുപ്പില്‍ സര്‍വ്വകാല റെക്കോര്‍ഡിടുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ ഓരോ പൗരന്റേയും ആളോഹരികടം 90,000 രൂപ കടന്നിരിക്കുന്നു.
ആറ് വര്‍ഷത്തെ ഭരണം കൊണ്ട് രണ്ടിരട്ടി പൊതു കടമുണ്ടാക്കിയ സര്‍ക്കാര്‍ മസാല ബോണ്ട് പോലുള്ള സംവിധാനങ്ങളിലൂടെ കൊള്ളപലിശയ്ക്കാണ് കടമെടുക്കുന്നത്.
എല്ലാത്തരത്തിലും പരാജയപ്പെട്ട ഒരു ഭരണകൂടമാണ് ഇന്ന് കേരളത്തിലുള്ളത്. അഴിമതിക്കാര്‍ അധികാര സ്ഥാനങ്ങളില്‍ വിരാജിക്കുമ്പോള്‍ ജനാധിപത്യമൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
പൊതു സമൂഹത്തിന്റെ പരിഛേദമായ സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റപ്പെടുത്താനാവില്ല. അവരുടെ ക്ഷാമബത്തയും ലീവ് സറണ്ടറും പോലുള്ള ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കാനാവില്ല. അതിനാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനായി ശക്തമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മരിയാപുരം ക്രീകുമാര്, കെ. ജയന്ത്, ജി.എസ്. ബാബു, എം. ഉദയസൂര്യന്, പ്രതാപചന്ദ്രന്, സി. പ്രദീപ്, എ.എം. ജാഫര്‍ഖാന്‍, ജി.എസ്. ഉമാശങ്കര്‍, എ.പി. സുനില്‍, എം.ജെ.തോമസ് ഹെര്‍ബിറ്റ് , കെ.കെ. രാജേഷ്ഖന്ന എന്നിവര്‍ സംസാരിച്ചു.
രഞ്ജു കെ. മാത്യു, എസ്. അംബികാ കുമാരി, ജെ. സുനില്‍ ജോസ്, വി.പി ബോബിന്, എം.പി. ഷനിജ്, ബി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കി.