എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍സ് ആര്‍ട്ട്‌സ് സെന്ററിന്റെ മാതൃകയില്‍ ലോക നിലവാരത്തില്‍ മുളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായി ചര്‍ച്ച നടത്തി. അദ്ദേഹം സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുളിയാറില്‍ അനുവദിച്ച 25 ഏക്കര്‍ ഭൂമിയില്‍ പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ജൂലൈ അവസാനത്തോടെ ഭൂരിഭാഗം ദുരിത ബാധിതര്‍ക്കും സഹായം എത്തിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയിലുള്‍പ്പെട്ട ഒരു രോഗിയുടെ വീട്ടില്‍ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാള്‍ കൂടി ഉണ്ടെങ്കില്‍ ആ രോഗിക്ക് കൂടി സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിന് ആവശ്യമായ പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. എന്‍മകജെ, പുല്ലൂര്‍ വില്ലേജുകളില്‍ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്റ്റ് നിര്‍മ്മിച്ച വീടുകളില്‍ അവശേഷിക്കുന്ന 10 വീടുകള്‍ ജൂണ്‍ 24 ന് നറുക്കെടുപ്പിലൂടെ ദുരിത ബാധിതര്‍ക്ക് അനുവദിക്കും. വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളില്‍ വൈദ്യുതിയും റോഡ് സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറു പേര്‍ നല്‍കിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയില്‍ നിന്നൊഴിവാക്കാനും യോഗം തീരുമാനിച്ചു. വ്യക്തിപരമായ പരാതികളില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫല പ്രദമാക്കുന്നതിനായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നിര്‍മിച്ച ബഡ്‌സ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ സെല്‍ ചെയര്‍മാന്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സെല്‍ ഡപ്യൂട്ടി കളക്ടര്‍ എസ് ശശിധരന്‍ പിള്ള, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, മുന്‍ എം പി പി കരുണാകരന്‍, മുന്‍ എം എല്‍ എ കെ പി കുഞ്ഞികണ്ണന്‍, സെല്‍ അംഗങ്ങളായ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.