കൊല്ലം: സിനിമാതാരം ടി.പി. മാധവൻ അന്തരിച്ചു. 88 വയസായിരുന്നു.കുടൽ സംബന്ധമായ രോഗത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു. അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് കഴിഞ്ഞ എട്ട് വർഷമായി ടി പി മാധവൻ. തിരുവനന്തപുരത്ത് ഒരു ലോഡ്‌ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. 1994 മുതൽ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറൽ- സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ശ്രീ. ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ ചേര്‍ന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവില്‍ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെ ത്തുന്നത്.
ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളില്‍ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളില്‍ സജീവമായിരുന്നു. വിവിധസ്ഥലങ്ങളില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടിപി, ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെ യാത്രകളില്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ഗാന്ധിഭവനിലെത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീര്‍ അവാര്‍ഡ്, കൊട്ടാരക്കര ശ്രീധരന്‍നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.
നാല്‍പ്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിനിടയില്‍ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
ഗ്രന്ഥകാരനും വിദേശ സര്‍വ്വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എന്‍. പരമേശ്വരന്‍ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബര്‍ 7 ന് തിരുവനന്തപുരത്താണ് ടി.പി. മാധവന്റെ ജനനം.
ആഗ്ര യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവന്‍ പിന്നീട് ഡല്‍ഹി എസ്.എ.ഡി.സി.യില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ നേടി. 1960 ല്‍ കല്‍ക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയില്‍ അഡ്വര്‍ടൈസ്‌മെന്റില്‍ ബ്യൂറോ ചീഫായി ജോലിയില്‍ പ്രവേശിക്കുകയും ബ്ലിറ്റ്‌സ്, ഫ്രീ പ്രസ് ജേര്‍ണല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ബോംബെയിലും കല്‍ക്കത്തയിലുമായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. കേരളകൗമുദി പത്രത്തിന്റെ കല്‍ക്കത്ത ബ്യൂറോ ചീഫായും ടി.പി. ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരില്‍ സ്വന്തമായി പരസ്യകമ്പനിയും ആരംഭിച്ചു.
കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കര്‍മ്മമേഖലകളായിരുന്ന ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി. കല്‍ക്കട്ടയില്‍ വെച്ച് യാദൃച്ഛികമായി നടന്‍ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. നടന്‍ മധു സംവിധാനം ചെയ്ത ‘പ്രിയ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകള്‍. 1983 ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘ആന’ എന്ന ചിത്രം നിര്‍മ്മിച്ചതും ടിപിയാണ്.
മലയാള സിനിമാതാരസംഘടനയായ ‘അമ്മ’ രൂപീകരിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ ടിപി തുടര്‍ച്ചയായി പത്ത് വര്‍ഷം ആ സ്ഥാനം അലങ്കരിച്ചു.
ഭാര്യ സുധ, മക്കള്‍: ദേവിക, രാജകൃഷ്ണ മേനോന്‍ (എയര്‍ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുന്‍ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോന്‍). ടി.പി. മാധവന്‍ സിനിമയില്‍ സജീവമായതോടെ ഭാര്യയുമായി വിവാഹമോചനം നേടി.
ഡോ. രാംനായര്‍ (യു.എസ്.എ.), ഇന്ദിര നായര്‍, കല്യാണി ഉണ്ണിത്താന്‍ (യു.എസ്.എ) ചന്ദ്രിക നായര്‍ (പൂനെ) ഉണ്ണി തിരുക്കോട് എന്നിവര്‍ സഹോദരങ്ങളാണ്.
ആഗ്രഹങ്ങള്‍ ബാക്കിയാക്കി യാത്ര…
രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാണ് ടി.പി. മാധവന്‍ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവന്‍ അധികൃതര്‍ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാധ്യമായില്ല.
മടക്കയാത്ര
ടി.പി. മാധവന്റെ മൃതദേഹം കൊല്ലം എന്‍.എസ്. ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. നാളെ (10.10.2024) രാവിലെ 9 മണി മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനം. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകൻ രാജകൃഷ്ണ മേനോൻ മകനാണ്.