ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു. കിഴക്കന്‍ ജപ്പാനിലെ നാരാ സിറ്റിയില്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആബേയ്ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചരണയോഗത്തില്‍ സംസാരിക്കുമ്പോഴാണ് വെടിയേറ്റത്. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് ആബേ. ആബേയുടെ മരണത്തില്‍ ലോക നേതാക്കള്‍ അനുശോചിച്ചു.
ഷിന്‍സോ ആബേയുടെ വിയോഗം: രാജ്യത്ത് നാളെ ദുഃഖാചരണം
തിരുവനന്തപുരം: അന്തരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.