ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. 92 വയസായിരുന്നു. വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയാണ്.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ വഴിയിലെത്തിയത്. ഒടുവിൽ 2004 മേയ് 22ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു യുപിഎ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതോടെ 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയായിരുന്നു.
2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻസിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന നേതാവായി. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യാ വിഭജനത്തിനു മുൻപ് ഇപ്പോഴത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. പഞ്ചാബ് സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം. റിസർവ് ബാങ്ക് ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) അംഗമെന്നനിലയിലും ശ്രദ്ധേയനായി.
നരസിംഹ റാവുവിന്റെ കീഴിൽ ധനമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യൻ സാമ്പത്തിക രംഗം ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയെങ്കിലും പിന്നീട് ഭരണതന്ത്രജ്ഞർ മൻമോഹൻ സിങിന്റെ പരിഷ്കാരങ്ങളെ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും മൻമോഹൻസിങ് അറിയപ്പെടുന്നു.
1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.1980-1982 കാലത്ത് ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷനായി. പിന്നീട് പ്രധാനമന്ത്രിയായിരുന്ന വി പി സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി. തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻന്റെ അനുശോചനം
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. തൻ്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മൻ്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു.
ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിംഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിൻ്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ. മൻമോഹൻ സിംഗിൻ്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.